കൊല്ലം: ഇടവപ്പാതി സജീവമായതോടെ പച്ചപ്പണിഞ്ഞ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ സഞ്ചാരികള്‍ക്കായി കെ.എസ്.ആർ.ടി.സി ജില്ലാ ബജറ്റ് ടൂറിസം ( KSRTC budget tourism) സെല്‍ ജൂണ്‍ മാസത്തെ മണ്‍സൂണ്‍ യാത്രാ കലണ്ടർ പ്രഖ്യാപിച്ചു.
പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളും കോർത്തിണക്കിയാണ് ഇത്തവണത്തെ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂരിലെ പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടന യാത്രയാണ് ഈ മാസത്തെ പ്രധാന ആകർഷണം.
പ്രധാന യാത്രാ വിവരങ്ങളും നിരക്കുകളും:
കൊട്ടിയൂർ തീർത്ഥാടനം: ജൂണ്‍ 4, 7, 11, 15, 17, 18 തീയതികളില്‍ പുറപ്പെടുന്ന മൂന്ന് ദിവസത്തെ യാത്ര. താമസവും യാത്രാനിരക്കും ഉള്‍പ്പെടെ 3,000 രൂപ.
ഇല്ലിക്കല്‍ കല്ല് - ഇലവീഴാപൂഞ്ചിറ: ജൂണ്‍ 6, 13 തീയതികളില്‍ (നിരക്ക്: 820 രൂപ).
റോസ്മല യാത്ര: ജൂണ്‍ 6-ന് (നിരക്ക്: 520 രൂപ).
പൊന്മുടി - മീൻമുട്ടി - കല്ലാർ: ജൂണ്‍ 7, 21 തീയതികളില്‍ (നിരക്ക്: 650 രൂപ).
അംബാസമുദ്രം - കുറ്റാലം: ജൂണ്‍ 7-ന് തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക് പ്രത്യേക യാത്ര.
കന്യാകുമാരി - തൃപ്പരപ്പ്: തിരുവനന്തപുരം ഡബിള്‍ ഡക്കർ ബസിലെ സിറ്റി റൈഡ്, കന്യാകുമാരി സൂര്യോദയം, തൃപ്പരപ്പ് വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുത്തി ജൂണ്‍ 11-ന് നടക്കുന്ന യാത്രയ്ക്ക് 1,150 രൂപയാണ് നിരക്ക്.
മൂന്നാർ - കാന്തല്ലൂർ: ജൂണ്‍ 13-ന് ആരംഭിക്കുന്ന ദ്വിദിന യാത്ര (നിരക്ക്: 2,380 രൂപ).
കുമരകം ഹൗസ് ബോട്ട് യാത്ര: വേമ്പനാട്ടു കായലിന്റെ ഭംഗിയും കുട്ടനാടൻ രുചികളും ഹൗസ് ബോട്ട് താമസവും ഭക്ഷണവും ഉള്‍പ്പെടുന്ന യാത്ര ജൂണ്‍ 14-ന് നടക്കും (നിരക്ക്: 1,780 രൂപ).
ഗവി - അടവി - പരുന്തുംപാറ: മഴക്കാലത്തെ കാനനഭംഗിയും വന്യമൃഗങ്ങളെ കാണാനുള്ള അവസരവുമൊരുക്കുന്ന ഈ വനയാത്രകള്‍ ജൂണ്‍ 15, 23, 29 തീയതികളില്‍ നടക്കും.
ഊട്ടി, വാഗമണ്‍, പൂവാർ: ജൂണ്‍ 19-ന് ഊട്ടി യാത്രയും ജൂണ്‍ 20-ന് വാഗമണ്‍, പൂവാർ ബോട്ടിംഗ് യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.
കൊടൈക്കനാല്‍ യാത്ര: ജൂണ്‍ 25-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊടൈക്കനാല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 2,050 രൂപയാണ് ചാർജ്.
മഴക്കാലത്തെ മനോഹരമായ കാഴ്ചകള്‍ കുറഞ്ഞ ചെലവില്‍ കണ്ടുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജുകള്‍ മികച്ചൊരു അവസരമാണ്. യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മുൻകൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുമായി 9747969768, 9995554409 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Story Summary: The KSRTC District Budget Tourism Cell has released its monsoon travel calendar for June 2026, featuring popular hill stations, waterfalls, and pilgrimage sites. Key packages include the Kottiyoor Vaishakha Mahotsavam pilgrimage, Gavi-Adavi eco-tourism, and affordable trips to Kumarakom, Munnar, and Ooty.

