ബെംഗളൂരു: കർണാടക കോണ്‍ഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് എംഎല്‍എമാർ രാജി പ്രഖ്യാപിച്ചതായും ചില മുതിർന്ന നേതാക്കള്‍ രാജി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട് ( Karnataka Congress Cabinet Reshuffle).
നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ അനുയായികള്‍ തെരുവിലിറങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ ശ്രമങ്ങള്‍ ശക്തമാക്കി. ഇൻഡി മണ്ഡലത്തിലെ എംഎല്‍എ യശ്വന്ത്‌രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎല്‍എ സംഗമേഷും രാജി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി.ബി. ജയചന്ദ്രയും രാജി പരിഗണിക്കുന്നതായി വിവരമുണ്ട്. മന്ത്രിസഭാ വികസനത്തില്‍ തങ്ങളെ അവഗണിച്ചെന്ന ആരോപണമാണ് അസംതൃപ്തിക്ക് കാരണമെന്നാണ് സൂചന.
മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളുടെ അനുയായികള്‍ മണ്ഡ്യ, കൊപ്പള ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിജയനഗരിയിലും പ്രതിഷേധം ശക്തമായി. രോഷാകുലരായ പ്രവർത്തകർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കോലം കത്തിച്ചതായും റിപ്പോർട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മന്ത്രിമാരുടെ അന്തിമ പട്ടികയെ ചൊല്ലിയുള്ള ആശയക്കുഴപ്പവും പാർട്ടിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.
പുതിയ മന്ത്രിസഭയില്‍ 20 പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഒമ്പത് പുതുമുഖങ്ങള്‍ക്കും ഒരു വനിതയ്ക്കും പട്ടികയില്‍ ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം, മുൻ ആരോഗ്യ മന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും മലയാളിയായ എൻ.എ. ഹാരിസും മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി വിവരമുണ്ട്. വിവാദ പരാമർശങ്ങളുടെ പേരില്‍ വിമർശനം നേരിട്ട സമീർ അഹമ്മദ് ഖാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതും ചർച്ചയായിട്ടുണ്ട്.
ജി.എസ്. പാട്ടീലിനെ സ്പീക്കറായും പൊന്നണ്ണയെ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. സലീം അഹമ്മദിനെ കർണാടക നിയമസഭാ കൗണ്‍സില്‍ അധ്യക്ഷനാക്കാനും ഉമാശ്രീയെ ഡെപ്യൂട്ടി ചെയർപേഴ്സണാക്കാനുമാണ് സാധ്യത. മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും പാർട്ടി നേതൃത്വത്തിനുള്ളില്‍ ആശങ്ക ഉയർന്നിട്ടുണ്ട്.
പുതിയ മന്ത്രിസഭയില്‍ പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയാനന്ദ കഷപന്നവർ, ലക്ഷ്മണ്‍ സാവഡി എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മന്ത്രിസഭാ പുനഃസംഘടനയെ തുടർന്നുണ്ടായ അതൃപ്തി വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് നേതാക്കളുമായും അസംതൃപ്തരായ എംഎല്‍എമാരുമായും ചർച്ചകള്‍ തുടരുകയാണ്.
Summary: The Karnataka Congress is facing internal unrest over the cabinet reshuffle, with some MLAs reportedly announcing their resignations after being denied ministerial positions. Supporters staged protests in several districts, while the Congress high command intensified efforts to pacify dissatisfied leaders ahead of the swearing-in ceremony.

