തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകയായി മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്.
കൃഷ്ണലാലിന്റെ ഹൃദയം ഉള്‍പ്പെടെയുള്ള അഞ്ച് അവയവങ്ങള്‍ അഞ്ചുപേർക്ക് പുതുജീവൻ നല്‍കും.(Organ donation, Krishnalal will live on through five people even after death)
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. കൃഷ്ണലാലിന്റെ ഹൃദയം കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഹൃദയവുമായി എയർ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് തിരിക്കും.
രണ്ട് വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവ തിരുവനന്തപുരത്തെ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് കൈമാറും. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ അതിയായ വേദനയ്ക്കിടയിലും കൃഷ്ണലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം മുന്നോട്ടുവരികയായിരുന്നു.

