ടെഹ്റാൻ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കുന്നതിനും ചർച്ചകള്‍ക്ക് കളമൊരുക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കി ഖത്തർ.
ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍താനി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി.(Qatar PM Meets Iran President Pezeshkian In Tehran To Deescalate Regional Tensions)
മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍, സുരക്ഷ, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ ഇരുനേതാക്കളും ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്സില്‍ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്. സമീപകാലത്തുണ്ടായ ചില അസുഖകരമായ സംഭവങ്ങള്‍ക്കിടയിലും ഖത്തറും ഇറാനും സൗഹൃദത്തിലും സാഹോദര്യത്തിലും കഴിയുന്ന രണ്ടുരാജ്യങ്ങളാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഖത്തറും പാകിസ്താനും ഒമാനും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യുദ്ധത്തിനോ സംഘർഷം വ്യാപിപ്പിക്കുന്നതിനോ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും, മുൻ കരാറുകള്‍ പാലിച്ചുകൊണ്ട് ചർച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ശക്തിയുടെയോ ഭീഷണിയുടെയോ ഭാഷ പരിഹാരമല്ലെന്നും നയതന്ത്രത്തിലൂടെയും യുക്തിപരമായ ചർച്ചകളിലൂടെയും മാത്രമേ മേഖലയില്‍ സാമ്പത്തിക സമാധാനവും സുരക്ഷിതത്വവും തിരികെ കൊണ്ടുവരാൻ സാധിക്കൂവെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനിടെ, പേർഷ്യൻ ഗള്‍ഫിലെ ഹോർമുസ് കടലിടുക്കിലൂടെ താത്കാലികമായി കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും മൈനുകള്‍ നീക്കം ചെയ്യുന്നതിനുമുള്ള സഹകരണത്തെക്കുറിച്ചും ഖത്തറും ഇറാനും ചർച്ച ചെയ്തു.
അതേസമയം, ഇറാനുമായി തങ്ങള്‍ നിലവില്‍ യാതൊരുവിധ ചർച്ചകളും നടത്തുന്നില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യക്തമാക്കി. ഇറാൻ ആത്മാർത്ഥമായി ചർച്ചകള്‍ക്ക് തയ്യാറാകുന്നത് വരെ ഈ നിലപാട് തുടരുമെന്ന് വൈറ്റ് ഹൗസ് മുൻ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇറാനുമേല്‍ വൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്ന “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്” എന്ന പദ്ധതിയിലാണ് അമേരിക്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാനുമായി ചർച്ചകള്‍ പുനരാരംഭിക്കുന്നതിന് തനിക്ക് പ്രത്യേകം സമയപരിധികളൊന്നുമില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഉപരോധങ്ങള്‍ കാരണം ഇറാന്റെ സാമ്പത്തിക മേഖല തകർന്നിരിക്കുകയാണെന്നും വൻ തോതിലുള്ള പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Story Summary
Qatari Prime Minister Sheikh Mohammed bin Abdulrahman Al Thani met with Iranian President Masoud Pezeshkian in Tehran to step up diplomatic efforts aimed at de-escalating tensions in the region and opening channels for dialogue. Meanwhile, the United States stated that it is in no hurry for negotiations, maintaining strong economic pressure through “Operation Economic Outcast” while keeping all options open.

