ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ (Mullaperiyar water level 142 feet Tamil Nadu budget).
സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി എൻ. മരിയ വില്‍സണ്‍ ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്ന് തമിഴ്നാടിന് അനുകൂലമായി ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍, സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കേരളം ശക്തമായ എതിർപ്പ് തുടരുന്നതിനാലാണ് സംഭരണശേഷിയില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നത്. ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുന്നതിനുള്ള തുടർനടപടികളിലേക്ക് തമിഴ്നാട് ഭരണകൂടം കൂടുതല്‍ സജീവമായി കടന്നേക്കുമെന്നാണ് സൂചന.
കർണാടകയുമായുള്ള അന്തർസംസ്ഥാന നദീജല തർക്കവിഷയമായ കാവേരിയിലെ ജലലഭ്യതയില്‍ തമിഴ്നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, തമിഴ്നാടിന്റെ ഏകപക്ഷീയമായ ഈ പ്രഖ്യാപനത്തില്‍ കേരളത്തിന്റെ ആശങ്കകളും പ്രതിഷേധവും കേന്ദ്രസർക്കാരിനെയും സെൻട്രല്‍ വാട്ടർ കമ്മീഷനെയും (CWC) വീണ്ടും അറിയിക്കാനുള്ള നീക്കത്തിലാണ് കേരളം.
Story Summary: In its state budget, the Tamil Nadu government announced plans to raise the water level of the Mullaperiyar dam to 142 feet, alongside asserting its right to secure its share of Cauvery river water. The announcement by Finance Minister N. Maria Wilson is expected to draw strong reactions and safety concerns from Kerala.

