കാഠ്മണ്ഡു: നേപ്പാളില്‍ വ്യാപക നാശം വിതച്ച മിന്നല്‍ പ്രളയത്തിന് പിന്നാലെ ചില മേഖലകളില്‍ വെള്ളക്കെട്ടിന് നേരിയ ശമനം (Nepal flash flood).
ഭോടെ കോസി നദിയിലെ ജലനിരപ്പ് കുറഞ്ഞുവരുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഇത് ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
എന്നാല്‍ ഹിമാനി മേഖലയിലെ രണ്ട് തടാകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രദേശത്ത് വീണ്ടും പ്രകമ്പനമുണ്ടായാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകാമെന്ന ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്.
ജലനിരപ്പ് താഴുന്നത് രക്ഷാപ്രവർത്തകർക്കും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. റോഡുകള്‍ തകർന്നതും ചില ഗ്രാമങ്ങള്‍ ഒലിച്ചുപോയതുമായ മേഖലകളില്‍ നിലവില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, വീണ്ടും പ്രളയമുണ്ടാകുമെന്ന ആശങ്ക ഉയർത്തിയിരുന്ന തടാകത്തിന്റെ വിസ്തീർണം ഗണ്യമായി കുറഞ്ഞതായും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. തടാകത്തിന്റെ വ്യാപ്തി ഇപ്പോള്‍ ഏകദേശം 99,000 ചതുരശ്ര മീറ്ററായി കുറഞ്ഞതായി നേപ്പാള്‍ സർക്കാർ അറിയിച്ചു.
ദുരന്തത്തില്‍ മരണസംഖ്യ 675 ആയി ഉയർന്നതായാണ് പുതിയ റിപ്പോർട്ടുകള്‍. ഏകദേശം 3,000 പേരെ കാണാതായിട്ടുണ്ട്. 2,400ലധികം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നൂറുകണക്കിന് പേർ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മേഖലയില്‍ വീണ്ടും മഴ തുടരാനുള്ള സാധ്യത ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൂടുതല്‍ മഴ ലഭിച്ചാല്‍ നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Story Summary : Water levels in Nepal’s Bhotekoshi River are showing signs of decline, offering some relief to rescue operations after devastating flash floods. However, officials remain concerned about remaining glacial lakes and further rainfall as the reported death toll has risen to 675.

