കാഠ്മണ്ഡു: നേപ്പാളിലെ പ്രധാന നദികളില്‍ ജലനിരപ്പ് അപകടപരിധി പിന്നിട്ടതിനെ തുടർന്ന് വിവിധ ജില്ലകളില്‍ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു (Nepal flood).
സിന്ധുലി ജില്ലയിലെ സണ്‍ കോശി, ഗൂർഖ ജില്ലയിലെ ബുധി ഗന്ധകി, ദാദല്‍ദുര ജില്ലയിലെ മഹാകാളി നദികളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്.
രാജ്യത്തിന്റെ മധ്യ, കിഴക്കൻ, പടിഞ്ഞാറൻ മേഖലകളില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീര പ്രദേശങ്ങളിലും കഴിയുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലാംജംഗ് ജില്ലയിലെ മാർസ്യാങ്ഡി നദിയിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. നദിയിലെ ജലനിരപ്പ് തുടർന്നും ഉയരുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളായി നേപ്പാളില്‍ ശക്തമായ മഴ തുടരുകയാണ്. കാഠ്മണ്ഡു ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ സജീവമായതോടെയാണ് നദികളിലെ ജലനിരപ്പ് അപകടകരമായ തോതിലേക്ക് ഉയർന്നത്.
അതേസമയം, ആഗസ്റ്റ് 26-നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 1,066 ആയി ഉയർന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. ഏകദേശം 4,000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരില്‍ 583 വിദേശപൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. പ്രളയത്തില്‍ തകർന്ന ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രധാനമായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
നേപ്പാളിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഇന്ത്യ തുടർച്ചയായ സഹായം നല്‍കിവരികയാണ്. രക്ഷാസാമഗ്രികളും ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് നേപ്പാളിലേക്ക് പുറപ്പെട്ടു. പ്രത്യേക ഉപകരണങ്ങളോടുകൂടിയ 11 അംഗ രക്ഷാസംഘവും 5.5 ടണ്‍ അവശ്യ മരുന്നുകളും വിമാനത്തിലുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു.
Story Summary:
Water levels in several major rivers in Nepal have crossed dangerous levels following persistent monsoon rainfall, prompting authorities to issue warnings for vulnerable areas. India continues to support Nepal’s ongoing disaster relief operations by sending another aircraft carrying rescue personnel, equipment and essential medicines.

