വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം താല്‍ക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒന്നെങ്കില്‍ തങ്ങളുമായി കരാറിലെത്തുക, അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുകയെന്നതാണ് ട്രംപിന്റെ മുന്നറിയിപ്പ്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നിലപാട് വ്യക്തമാക്കിയത്. (Donald Trump Warns Iran To Make Deal Or Face Consequences)
“ഏതെങ്കിലും ഒരു വഴിക്ക് ഞങ്ങള്‍ വിജയം നേടും. ഒന്നെങ്കില്‍ ഞങ്ങള്‍ ഒരു കരാറിലെത്തും, അല്ലെങ്കില്‍ ഈ ദൗത്യം ഞങ്ങള്‍ പൂർത്തിയാക്കും. ആ ദൗത്യം പൂർത്തിയാക്കുക എന്നത് ഞങ്ങള്‍ക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല,” ട്രംപ് പറഞ്ഞു. എന്നാല്‍ ഒരു കരാറിലെത്താനാണ് താൻ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9.1 കോടി വരുന്ന ഇറാന്റെ ജനസംഖ്യയെ ബാധിക്കുന്ന ഒന്നും ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും, എന്നാല്‍ വിചാരിച്ചാല്‍ ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ പാലങ്ങള്‍ തകർക്കാൻ യു.എസിന് കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാൻ ആണവായുധങ്ങള്‍ നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുമെന്നും, യുറാനിയം ഉള്‍പ്പെടെയുള്ള ആണവ അവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് കൈമാറേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനില്‍ ഭരണമാറ്റം ഉണ്ടാക്കാൻ അമേരിക്ക ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ മാസം താല്‍ക്കാലിക സമാധാന കരാറിലൂടെ ഇരുരാജ്യങ്ങളും വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ട്രംപ് ഇറാനെതിരെയുള്ള പ്രസ്താവനകള്‍ തുടരുകയാണ്. ജൂലൈ 3-ന് ആയത്തുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കായി ഇറാന്റെ പ്രമുഖ നേതാക്കളും മതപുരോഹിതരും ഒത്തുകൂടിയപ്പോള്‍ അതൊരു സൈനിക അവസരമായിരുന്നു എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “അവരെല്ലാവരും അവിടെ ഒത്തുകൂടിയിരുന്നു. ഒറ്റയടിക്ക് എല്ലാവരെയും ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ ചർച്ചകള്‍ നടത്താൻ പിന്നീട് ആരും ബാക്കിയുണ്ടാകില്ല എന്നതിനാലാണ് അതിന് മുതിരാതിരുന്നത്,” ട്രംപ് പറഞ്ഞു. ഖമേനിയുടെ മരണത്തില്‍ ഇത്രയധികം ആളുകള്‍ വിലപിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഒരുപക്ഷേ അത് ‘വ്യാജക്കണ്ണീർ’ ആയിരിക്കാമെന്നും ട്രംപ് പരിഹസിച്ചു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇറാൻ ശക്തമായ മറുപടി നല്‍കി. ജൂലൈ 4-ന് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിച്ച അമേരിക്കയ്ക്ക് ഒരിക്കലും ഇറാന്റെ ഈ വിലാപത്തിന്റെ ആഴം മനസ്സിലാകില്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി കുറിച്ചു. അമേരിക്കയ്ക്ക് സ്വന്തമായി സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്ന് ഇറാൻ കുറ്റപ്പെടുത്തി. “മനുഷ്യരെ കൊല്ലാം, എന്നാല്‍ ആശയങ്ങളെ കൊല്ലാനാകില്ല. നിങ്ങള്‍ ആയത്തുള്ള ഖമേനിയെ കൊലപ്പെടുത്തിയിരിക്കാം, എന്നാല്‍ സുഗന്ധദ്രവ്യ കുപ്പിയാണ് നിങ്ങള്‍ തകർത്തത്. അതിന്റെ സുഗന്ധം ഇപ്പോള്‍ എല്ലായിടത്തും പടർന്നിരിക്കുന്നു. സംസ്‌കാരവും ചരിത്രവുമില്ലാത്ത നിങ്ങള്‍ക്ക് ഇത് മനസ്സിലാകില്ല,” ഇറാൻ വ്യക്തമാക്കി.
Story Summary
US President Donald Trump has issued a stark warning to Iran, stating they must either reach a nuclear deal or face complete destruction. This escalates tensions during a ceasefire, even as millions gather in Iran for the funeral of assassinated Supreme Leader Ayatollah Ali Khamenei. Iran hit back at Trump’s remarks, stating the US lacks history and civilization to understand their grief.

