ടെഹ്‌റാൻ: ഇറാൻ മണ്ണില്‍ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ജീവനക്കാരെ രക്ഷിക്കാൻ യുഎസ് നടത്തിയ അതിസാഹസികമായ സൈനിക നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചോദ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുന്നു.
കഴിഞ്ഞ ആഴ്ച ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ പൈലറ്റിനെയും വെപ്പണ്‍സ് സിസ്റ്റം ഓഫീസറെയും പുറത്തെത്തിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, ഇതിനായി അമേരിക്ക ഉപയോഗിച്ച വമ്ബിച്ച സന്നാഹമാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.(Rescue mission or move targeting uranium? Mystery grows over US military operation in Iran)
രണ്ട് സൈനികരെ രക്ഷപ്പെടുത്താൻ 155 വിമാനങ്ങള്‍ ഉള്‍പ്പെട്ട കൂറ്റൻ സൈനിക നിരയെയാണ് ട്രംപ് ഭരണകൂടം നിയോഗിച്ചത്. ഒരു സാധാരണ രക്ഷാദൗത്യത്തിന് ഇത്രയും വലിയ സന്നാഹം ആവശ്യമില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ പ്രധാന യുറേനിയം സമ്ബുഷ്ടീകരണ കേന്ദ്രത്തിന് തൊട്ടടുത്തായി അമേരിക്കൻ സൈന്യം താല്‍ക്കാലിക താവളം ഒരുക്കിയിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന്റെ മറവില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനോ ലക്ഷ്യം വെക്കാനോ ഉള്ള രഹസ്യ നീക്കമായിരുന്നുവോ എന്ന് വിദഗ്ധർ സംശയിക്കുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘കേണല്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥൻ യുദ്ധവിമാനത്തില്‍ നേരിട്ട് ദൗത്യത്തിന് ഇറങ്ങിയതും നിഗൂഢത വർധിപ്പിക്കുന്നു. സ്വന്തം സൈനികരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ നടത്തിയ അതിസാഹസികമായ പോരാട്ടമായാണ് അമേരിക്ക ഇതിനെ ചിത്രീകരിക്കുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിവരണങ്ങളാണ് വൈറ്റ് ഹൗസ് നല്‍കുന്നത്.

