കീവ്/മോസ്‌കോ: അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രൈൻ യുദ്ധത്തില്‍ ആക്രമണങ്ങള്‍ ശക്തമാകുന്നു. ഇരുരാജ്യങ്ങളും നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളിലുമായി കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു (Russia Ukraine Conflict).
റഷ്യയില്‍ 16 പേരും യുക്രൈനില്‍ 11 പേരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകള്‍. റഷ്യയിലെ മോസ്കോ മേഖലയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. തെക്കൻ ക്രാസ്നോഡാർ മേഖലയില്‍ ആർക്കിപോ-ഒസിപോവ്ക വിനോദസഞ്ചാര ഗ്രാമത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർ മരിക്കുകയും 40ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവർണർ വെനിയാമിൻ കോന്ദ്രത്യേവ് അറിയിച്ചു.
റഷ്യൻ അധീനതയിലുള്ള ക്രിമിയയില്‍ ആക്രമണങ്ങളില്‍ മരണസംഖ്യ നാല് ആയി ഉയർന്നതായും രണ്ട് പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. ബെല്‍ഗൊറോഡ് അതിർത്തി മേഖലയില്‍ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി. അതേസമയം, യുക്രൈനിലെ ഡ്നിപ്രോപെട്രോവ്സ്ക് മേഖലയിലെ ക്രിവി റിഹില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ അടിയന്തര രക്ഷാപ്രവർത്തകനും അദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനും ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് പെട്രോള്‍ സ്റ്റേഷനില്‍ തീപിടിക്കുകയും സമീപത്തെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സപൊറീഷ്യ മേഖലയില്‍ നടന്ന രാത്രികാല ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും യുക്രൈൻ അധികൃതർ അറിയിച്ചു. അടുത്ത മാസങ്ങളായി സാധാരണക്കാരുടെ മരണസംഖ്യ വർധിച്ചുവരികയാണെങ്കിലും സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിച്ച് പറയുന്നത്. ഇതിനിടെ, ഖാർകിവ് മേഖലയിലെ ബിലി കൊളോഡിയാസ്, ഉസ്പെനിവ്ക എന്നീ പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മറുവശത്ത്, റഷ്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ വൈല്‍ഡ്‌ബെറീസിന്റെ വ്ലാദിമിർ മേഖലയിലെ ഗോഡൗണില്‍ യുക്രൈൻ ഡ്രോണ്‍ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അമേരിക്കയുടെ കൂടുതല്‍ വ്യോമ പ്രതിരോധ സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പാട്രിയറ്റ് മിസൈല്‍ നിർമ്മാണവുമായി ബന്ധപ്പെട്ട് യുക്രൈനിന് അനുമതി നല്‍കുമെന്ന മുൻ നിലപാടില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നോട്ട് പോയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Summary: Russia and Ukraine have intensified attacks as the war enters its fifth year, with at least 27 people reported killed on both sides. Drone and missile strikes targeted regions in Russia and Ukraine, while diplomatic efforts continue over military support and peace negotiations.

