ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങളില്‍ റഷ്യയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെത്തുടർന്ന് രാജ്യം രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കടല്‍മാർഗ്ഗം പെട്രോള്‍ ഇറക്കുമതി ചെയ്യാൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ (Russia India Fuel Imports). ഏകദേശം 60,000 മെട്രിക് ടണ്‍ പെട്രോളാണ് ഇന്ത്യയില്‍ നിന്ന് ഇതിനകം റഷ്യയിലേക്ക് അയച്ചതെന്നാണ് വ്യവസായ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ധനക്ഷാമം പരിഹരിക്കാനായി പ്രതിമാസം 4,00,000 ടണ്‍ പെട്രോള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് റഷ്യയുടെ പദ്ധതി.
വേനല്‍ക്കാലത്ത് റഷ്യയില്‍ പ്രതിദിനം കുറഞ്ഞത് 1,10,000 ടണ്‍ പെട്രോളാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഉക്രെയ്ൻ ഡ്രോണ്‍ ആക്രമണങ്ങള്‍ എണ്ണ ശുദ്ധീകരണ ശാലകളെ ബാധിച്ചതോടെ റഷ്യയിലെ ഒട്ടുമിക്ക ഇടങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂവും ഇന്ധനവിലയില്‍ വൻ വർധനവുമാണ് ഉണ്ടായത്. ബലാറസില്‍ നിന്നുള്ള ഇന്ധന വിതരണം ഇതിനകം റഷ്യ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യം നിറവേറ്റാൻ അത് മതിയാകാത്ത സാഹചര്യത്തിലാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന് സബ്‌സിഡി നല്‍കാനും റഷ്യൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
റഷ്യയില്‍ നിന്ന് റെക്കോർഡ് അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയില്‍ നിന്നായിരുന്നു. നേരത്തെ റഷ്യൻ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയിരുന്നെങ്കില്‍, ഇപ്പോള്‍ ഇന്ധനക്ഷാമം നേരിടുന്ന റഷ്യയ്ക്ക് ഇന്ത്യ പെട്രോള്‍ നല്‍കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സർക്കാർ തലത്തില്‍ നടപടികള്‍ വേഗത്തിലാക്കി കഴിഞ്ഞു.
Summary: Facing severe fuel shortages due to Ukrainian drone strikes on its oil refineries, Russia has turned to India for gasoline imports. Moscow is reportedly planning to import 400,000 tons of fuel monthly from various countries, with at least 60,000 metric tons already dispatched from India. While Russia is also increasing supplies from Belarus and implementing tax subsidies to manage the crisis, this move highlights the shifting dynamics in energy trade between New Delhi and Moscow.

