മുംബൈ: ലോകപ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രം 'യശോദയും കൃഷ്ണനും' റെക്കോർഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി (Raja Ravi Varma Yashoda and Krishna Auction).
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഡോ. സൈറസ് എസ്. പൂനവല്ലയാണ് 167.20 കോടി രൂപയ്ക്ക് (ഏകദേശം 20 മില്യണ്‍ ഡോളർ) ഈ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യൻ ആധുനിക കലാലോകത്ത് ഒരു ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
മുംബൈയില്‍ നടന്ന സാഫ്രണ്‍ ആർട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തിലാണ് ഈ ചരിത്രനേട്ടം ഉണ്ടായത്. കഴിഞ്ഞ വർഷം എം.എഫ്. ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രം നേടിയ 118 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. 80 മുതല്‍ 120 കോടി രൂപ വരെയാണ് ഈ ചിത്രത്തിന് ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും കടുത്ത ലേലവിളികള്‍ക്കൊടുവില്‍ തുക 167 കോടി കടക്കുകയായിരുന്നു.
രാജാ രവിവർമ്മയുടെ ഔദ്യോഗിക ജീവിതത്തിന്റെ സുവർണ്ണകാലമായ 1890-കളിലാണ് ഈ എണ്ണച്ചായ ചിത്രം നിർമ്മിക്കപ്പെട്ടത്. മാതൃസ്‌നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഈ ചിത്രത്തില്‍ യശോദ പശുവിനെ കറക്കുന്നതും പിന്നിലൂടെ കൃഷ്ണൻ പാല് ചോദിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ അപൂർവ്വ ചിത്രം സ്വന്തമാക്കാൻ കഴിഞ്ഞതില്‍ താൻ അഭിമാനിക്കുന്നുവെന്ന് സൈറസ് പൂനവല്ല പറഞ്ഞു. ഇതൊരു ദേശീയ നിധിയാണെന്നും ഇടയ്ക്കിടെ പൊതുജനങ്ങള്‍ക്ക് കാണാനായി സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ കലാവസ്തുക്കളുടെ മൂല്യം ആഗോളതലത്തില്‍ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ ലേലമെന്ന് സാഫ്രണ്‍ ആർട്ട് പ്രസിഡന്റ് മിനല്‍ വസിറാണി അഭിപ്രായപ്പെട്ടു. തിരുവിതാംകൂർ രാജവംശത്തില്‍ നിന്നുള്ള രാജാ രവിവർമ്മയുടെ ചിത്രങ്ങള്‍ എന്നും ലേലവിപണിയില്‍ പ്രിയപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ചിത്രകലയിലെ സങ്കേതങ്ങളും ഭാവതീവ്രതയും ഇന്നും ലോകമെമ്പാടുമുള്ള കലാപ്രേമികളെ ആകർഷിക്കുന്നു.

