തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് അതിവേഗം ഉയരുകയാണ്.
കടുത്ത പ്രളയസാഹചര്യം ഒഴിവാക്കാൻ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.(Kerala Heavy Rain Dam Water Levels Rise Shutters Opened Red Alert Issued)
ഇടുക്കി ഡാമിന്റെ ഡൈവേർഷൻ അണക്കെട്ടുകളായ കല്ലാർ, ഇരട്ടയാർ എന്നിവ പൂർണ്ണമായും നിറഞ്ഞു. കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും ഉയർത്തി. അപകട നിലയിലെത്തിയതിനെ തുടർന്ന് ലോവർ പെരിയാർ, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ 2 മുതല്‍ 5 വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും തുറന്നു. പത്തനംതിട്ട ജില്ലയില്‍ മൂഴിയാർ ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയില്‍ മംഗലം ഡാമിന്റെ 6 സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നു നല്‍കിയിട്ടുണ്ട്.
ഭാരതപ്പുഴ, പമ്പ, പെരിയാർ തുടങ്ങി പ്രധാന നദികളുടെയും പോഷകനദികളുടെയും കരകളില്‍ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. നദികളില്‍ മീൻപിടിത്തത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ബോട്ടുകളും പള്ളിയോടങ്ങളും ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ശബരിമല തീർത്ഥാടകർ കുളിക്കാൻ ഇറങ്ങുന്നത് താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
Story Summary
Heavy rain across Kerala causes water levels in major dams to swell rapidly. Red alerts issued for Lower Periyar, Peringalkuthu, and Moozhiyar dams as shutters of Neyyar, Kallarkutti, Aruvikkara, and Mangalam dams are raised.

