തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തില്‍ അടിയന്തരമായി പരിശോധന നടത്താൻ ദേവസ്വം മന്ത്രി കെ.
മുരളീധരൻ നിർദേശം നല്‍കി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നല്‍കിയത് (Sabarimala Thiruvonam feast). അന്നദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുൻപ് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ആവശ്യമായ ഏകോപനത്തില്‍ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് നിർദേശം. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി വ്യക്തമായ നടപടിക്രമങ്ങള്‍ തയ്യാറാക്കണമെന്നും ദേവസ്വം ബോർഡിന് മന്ത്രി നിർദേശം നല്‍കി. ഭാവിയില്‍ ഇത്തരം പരാതികളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശബരിമലയില്‍ തിരുവോണ സദ്യ മുടങ്ങിയെന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. എസ്. ജയകുമാറിന്റെ വിശദീകരണം. സദ്യ മുടങ്ങിയെന്ന ആരോപണം സംബന്ധിച്ച് വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ അന്വേഷണ നിർദേശം. അന്നദാനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും ക്രമീകരണങ്ങളും പരിശോധിച്ച ശേഷം സംഭവത്തില്‍ യഥാർഥത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതില്‍ വ്യക്തത വരും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികള്‍ സ്വീകരിക്കുക.
Summary: Devaswom Minister K. Muraleedharan has directed the Travancore Devaswom Board to urgently investigate the controversy over an alleged disruption of the Thiruvonam feast at Sabarimala. The minister also sought a review of coordination and procedures, while the Devaswom Board president said the feast was not actually disrupted.

