ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സ്വകാര്യ സ്കൂളില്‍ കയറിയ മുഖംമൂടി ധരിച്ച യുവാവ് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി.
സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്ന 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ഞെട്ടലുണ്ടാക്കി. (Faridabad Teacher Murder)
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ യുവാവ് സന്ധ്യയെ കാണണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഇയാളെ കാണാനായി അധ്യാപിക സ്കൂളിന്റെ പ്രവേശന കവാടത്തിലേക്ക് എത്തിയതോടെ ആക്രമണം ആരംഭിച്ചു. മുഖംമൂടി ധരിച്ചിരുന്ന പ്രതി അധ്യാപികയുടെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചശേഷം കത്തികൊണ്ട് തുടർച്ചയായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ആക്രമണം ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്നു. ഈ സമയത്തിനിടെ പ്രതി സന്ധ്യയെ 34 തവണ കുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക നിലത്തുവീണ ശേഷവും പ്രതി ആക്രമണം തുടർന്നതായി ദൃശ്യങ്ങളില്‍ കാണാം.
അധ്യാപികയുടെ നിലവിളി കേട്ട് സ്കൂള്‍ അഡ്മിനിസ്ട്രേറ്റർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ചു. എന്നാല്‍ കത്തിയുമായി ഇയാള്‍ അഡ്മിനിസ്ട്രേറ്റർക്കുനേരെയും തിരിഞ്ഞതോടെ ഇടപെടാൻ കഴിഞ്ഞില്ല. തുടർന്ന് വീണ്ടും സന്ധ്യയെ ആക്രമിച്ച പ്രതി നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഉടൻ അല്‍ ഫലാഹ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കോട്ട ഗ്രാമം സ്വദേശിയായ 21-കാരൻ അമിത്തിനെ പൊലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഏകദേശം രണ്ട് വർഷം മുമ്പാണ് അമിത് സന്ധ്യയെ പരിചയപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അധ്യാപികയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഇയാള്‍ നിരന്തരം പിന്തുടരുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർച്ചയായ ശല്യം മൂലം സന്ധ്യ ഏതാനും ദിവസം മുമ്പ് അമിത്തിനെതിരെ പീഡനപരാതി നല്‍കിയിരുന്നു. തുടർന്ന് ഇയാള്‍ പരസ്യമായി മാപ്പ് പറഞ്ഞതായും പൊലീസ് അറിയിച്ചു.
നേരത്തെ നല്‍കിയ പരാതിയിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: A 29-year-old teacher was allegedly stabbed to death by a masked man inside a private school in Haryana's Faridabad. CCTV footage reportedly shows the attacker repeatedly assaulting her within seconds. The accused, identified as a 21-year-old man, was arrested within two hours, and police are investigating whether a previous harassment complaint was the motive.

