കണ്ണൂർ: സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റിനിർത്തണമെന്ന നിലപാടിനെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.
ശൈലജ. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുകയോ വിവിധ പരിപാടികളില്‍ പുരുഷന്മാർക്കൊപ്പം പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെ ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകളെ വീടിനകത്ത് മാത്രം തളച്ചിടുന്നത് ഫ്യൂഡല്‍ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു. (K K Shailaja on Samastha circular)
സമസ്ത എ.പി വിഭാഗം പുറത്തിറക്കിയ സർക്കുലർ കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നും കെ.കെ. ശൈലജ ആരോപിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ ഇന്ന് ഉയർന്ന വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎല്‍എമാർ, മുനിസിപ്പല്‍ ചെയർപേഴ്സണ്‍മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മുതല്‍ ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകള്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്ത്രീകള്‍ സജീവമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുന്നതും യോഗങ്ങളില്‍ വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുമൊന്നും മതാചാരങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ സജീവമായി ഇടപെടുന്ന കാലത്ത് അവരെ വീടിനുള്ളില്‍ മാത്രം ഒതുക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
എന്താണ് സമസ്ത എ.പി വിഭാഗത്തിന്റെ സർക്കുലറില്‍ പറയുന്നത്?
മതപരമായ പരിപാടികളില്‍ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുസ്ഥലങ്ങളിലോ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നാണ് കാന്തപുരം അബൂബക്കർ മുസലിയാർ വിഭാഗമായ സമസ്ത എ.പി വിഭാഗത്തിന്റെ സർക്കുലറില്‍ നിർദേശിച്ചിരിക്കുന്നത്. മതാഘോഷങ്ങളില്‍ അതിർവരമ്പുകള്‍ ലംഘിക്കരുതെന്നും നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയില്‍ യുവതികളെ പ്രദർശിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സർക്കുലറില്‍ പറയുന്നു.
ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും മതപരമായ പരിപാടികളുമായി കൂട്ടിച്ചേർക്കുന്നത് വിശ്വാസികള്‍ക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു. പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ മഹല്ല് ഭാരവാഹികള്‍, പള്ളി-മദ്റസാ അധികൃതർ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സർക്കുലറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് കെ.കെ. ശൈലജയുടെ പ്രതികരണം.
Summary: CPI(M) central committee member K.K. Shailaja criticised the Samastha AP faction’s circular concerning women’s participation in public and religious programmes. She said women gathering in public spaces or sharing platforms with men does not violate any religious practice and described attempts to confine women to homes as feudal.

