പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.(2 free gas cylinders for Onam and Christmas, Nirmala Sitharaman in Palakkad )
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. ഓണത്തിനും ക്രിസ്മസിനുമായി വർഷത്തില്‍ രണ്ട് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം എത്തിക്കും. ഇത് ‘മോദിയുടെ ഗ്യാരണ്ടി’യാണെന്നും മന്ത്രി വ്യക്തമാക്കി.
കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടും മണ്ഡലത്തില്‍ റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിർമ്മിക്കുന്നില്ല. കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. മരിച്ചാല്‍ സംസ്കരിക്കാനുള്ള ശ്മശാന സൗകര്യം പോലും ഒരുക്കാത്ത ജനപ്രതിനിധികള്‍ എന്തിനാണ് എന്ന് നിർമല സീതാരാമൻ ചോദിച്ചു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് മന്ത്രി അവകാശപ്പെട്ടു. ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകള്‍ അക്കൗണ്ട് തുറന്നു, ഇതില്‍ 57 ശതമാനവും സ്ത്രീകളാണ്. മുദ്ര ലോണ്‍ 14 ലക്ഷം പേർക്ക് ധനസഹായം നല്‍കി. പിഎം സ്വനിധി പാലക്കാട്ടെ 13,000-ത്തോളം വഴിയോര കച്ചവടക്കാർക്ക് വായ്പ നല്‍കി.
ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാനും സ്വർണ്ണക്കടത്ത് നടത്താനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ദൈവവിശ്വാസികള്‍ അല്ലാത്തവർ എന്തിനാണ് ദേവസ്വം ബോർഡില്‍ ഇരിക്കുന്നതെന്നും, ബോർഡിന്റെ കഴിഞ്ഞ കാലങ്ങളിലെ കണക്കുകള്‍ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാർട്ടി അനുയായികള്‍ക്ക് മാത്രമായാണ് നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആയുർവേദം, ഐടി, ടൂറിസം മേഖലകളില്‍ കേരളത്തിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവർ ചൂണ്ടിക്കാട്ടി.

