Dailyhunt
തമിഴകത്ത് 'ദളപതി' തരംഗം; സ്റ്റാലിൻ വീണു, ഇടതുപക്ഷത്തിന് ആശ്വാസജയം | Tamil Nadu Election Results 2026

തമിഴകത്ത് 'ദളപതി' തരംഗം; സ്റ്റാലിൻ വീണു, ഇടതുപക്ഷത്തിന് ആശ്വാസജയം | Tamil Nadu Election Results 2026

Times Kerala 1 week ago

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ഭരണകക്ഷിയായ ഡിഎംകെയെ നിഷ്പ്രഭമാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുകാട്ടി (Tamil Nadu Election Results 2026).

കനത്ത ഭരണവിരുദ്ധ തരംഗത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പില്‍, ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ഇടതുപക്ഷ പാർട്ടികള്‍ നാല് സീറ്റുകള്‍ നേടി സാന്നിധ്യമറിയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതമാണ് സ്വന്തമാക്കിയത്. അഞ്ച് മണ്ഡലങ്ങളില്‍ ജനവിധി തേടിയ സിപിഎം, കീഴ്വേളൂർ, പത്മനാഭപുരം എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചു.

കീഴ്വേളൂരില്‍ സി.പി.എം സ്ഥാനാർത്ഥി ഡി. ലത 2,278 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടിവികെയുടെ സെന്തില്‍ പാണ്ഡ്യയെ പരാജയപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ നിർണ്ണായകമായ പത്മനാഭപുരം മണ്ഡലത്തില്‍ ആർ. ചെല്ലസ്വാമി 15,569 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തില്‍ ടിവികെയുടെ കൃഷ്ണകുമാറിനെ അട്ടിമറിച്ചു.

സിപിഐ സ്ഥാനാർത്ഥികളായ കെ. മാരിമുത്തു തിരുത്തുറൈപ്പൂണ്ടിയിലും, ടി. രാമചന്ദ്രൻ തള്ളി മണ്ഡലത്തിലും വിജയിച്ചു. മാരിമുത്തു 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിവികെ സ്ഥാനാർത്ഥിയെ തോല്‍പ്പിച്ചത്. തള്ളിയില്‍ ബിജെപിയുടെ ഡോ. നാഗേഷ് കുമാറിനെതിരെ 5,240 വോട്ടുകള്‍ക്കായിരുന്നു രാമചന്ദ്രന്റെ വിജയം.

അതേസമയം , രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് 110 സീറ്റുകള്‍ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വൻ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കുകളായ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ വിള്ളലുണ്ടാക്കാൻ വിജയിക്ക് സാധിച്ചു.

നിലവില്‍ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിഞ്ഞതോടെ, സർക്കാരുണ്ടാക്കാൻ വിജയിയുടെ ടിവികെയും എഐഎഡിഎംകെയും തമ്മില്‍ ധാരണയുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് മേല്‍ സിനിമാ താരം കൂടിയായ വിജയ് നേടിയ ഈ വിജയം ചരിത്രപരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

Story Summary: The Tamil Nadu Assembly Election results delivered a massive shock as Vijay’s TVK emerged as the single largest party with 110 seats, leading to the defeat of CM M.K. Stalin. Amidst this wave, the Left parties managed to secure four seats (two each for CPM and CPI) as part of the DMK alliance.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala