ഡെറാഡൂണ്‍: കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡില്‍ വൻ മണ്ണിടിച്ചില്‍. ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാതയും ജോഷിമഠ്-മാർവാരി റോഡും പൂർണ്ണമായും ഒലിച്ചുപോയി.
റോഡിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടർന്ന് ഈ പാതയിലൂടെയുള്ള ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. പാത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.(Uttarakhand Landslide Badrinath National Highway Blocked Nepal Floods High Alert)
അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ അതിർത്തി സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കി. ആപത്സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 160 കടന്നു. 133 ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. പ്രളയബാധിത മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 36 മലയാളികളും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബിഹാറില്‍ 5000-ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫിന്റെ പ്രത്യേക സംഘങ്ങള്‍ ബിഹാറിലും യു.പിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
Story Summary
A major landslide in Uttarakhand washed away the Badrinath National Highway and the Joshimath-Marwari road, blocking traffic entirely. Meanwhile, high alerts were issued across Uttarakhand, UP, and Bihar following devastating flash floods in Nepal that left over 160 dead.

