ബീജിംഗ്: ചൈനയില്‍ സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെടുകയും, തുടർന്നുണ്ടായ നിയമപോരാട്ടത്തില്‍ ഇരയായ യുവതിക്ക് തന്നെ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്ത അപൂർവ്വ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചയാകുന്നു (Chinese Woman Failed Plastic Surgery).
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള സുഷൗ നഗരത്തിലാണ് വാങ് എന്ന യുവതിക്ക് ഈ ദുരവസ്ഥ ഉണ്ടായത്. 2020 ജൂണില്‍ കണ്‍പോളകളുടെ ഭംഗി കൂട്ടാനുള്ള ‘ഡബിള്‍ ഐലിഡ്’ സർജറിക്കായി ഇവർ ഒരു പ്രാദേശിക ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. ഏകദേശം 12,000 യുവാൻ (1.4 ലക്ഷം രൂപ) ചിലവഴിച്ച് ക്ലിനിക്കിന്റെ മാർക്കറ്റിംഗ് ഡയറക്ടറായ മെങ് എന്ന സ്ത്രീയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ അന്നുരാത്രി തന്നെ കടുത്ത വേദന അനുഭവപ്പെട്ട യുവതിയുടെ കണ്‍പോളകള്‍ ഉള്ളിലേക്ക് മറിയുകയും കണ്ണില്‍ ദ്രാവകം നിറയുകയും ചെയ്തതിനെ തുടർന്ന് ഇവരെ അടിയന്തിരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. യുവതിയുടെ കണ്‍പോളകളില്‍ തെറ്റായ രീതിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ണീർ ഗ്രന്ഥികള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും കണ്ടെത്തി. തുടർചികിത്സകള്‍ നടത്തിയിട്ടും യുവതിക്ക് കണ്‍പോളകള്‍ പൂർണ്ണമായി അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സർജറി നടത്തിയ മെങ്ങിന് മെഡിക്കല്‍ ബിരുദമില്ലെന്നും, അവർ പ്രവർത്തിപ്പിച്ച ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും വ്യക്തമായി. ഇതോടെ ക്ലിനിക്ക് അധികൃതർ പൂട്ടിച്ചു. മുഖരൂപം മാറിയതോടെ ജോലിക്ക് പോകാനോ മറ്റുള്ളവരെ അഭിമുഖീകരിക്കാനോ സാധിക്കാതെ യുവതി കടുത്ത മാനസിക വിഷാദത്തിലും ഉറക്കമില്ലായ്മയിലുമായി. ഇതോടെ ഇവർ വ്യാജ ഡോക്ടർക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങി.
കോടതി വിധി വരുന്നതിന് മുൻപ് വ്യാജ ഡോക്ടർ യുവതിയുമായി ഒത്തുതീർപ്പിലെത്തുകയും 850,000 യുവാൻ (ഏകദേശം ഒരുകോടി രൂപ) നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. എന്നാല്‍ സർജറിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നുമുള്ള കരാർ ലംഘിച്ചാല്‍ 400,000 യുവാൻ തിരികെ നല്‍കണമെന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. പിന്നീട് വ്യാജ ഡോക്ടർ സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചപ്പോള്‍, പ്രതികാരമായി യുവതിയുടെ കുടുംബം ഇവരുടെ വ്യാജ സർജറിയുടെ രേഖകള്‍ വീണ്ടും ഓണ്‍ലൈനില്‍ പങ്കുവെച്ചു. കരാർ ലംഘിച്ചുവെന്ന് കാണിച്ച് വ്യാജ ഡോക്ടർ നല്‍കിയ കേസില്‍, ഒത്തുതീർപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന് യുവതി 400,000 യുവാൻ (ഏകദേശം 47 ലക്ഷം രൂപ) തിരികെ നല്‍കണമെന്ന് ചൈനീസ് കോടതി ഇപ്പോള്‍ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
Summary: A woman in eastern China has been left with a permanent grade-nine disability and the inability to close her eyes fully after a failed double eyelid surgery by an unlicensed doctor. Following a legal dispute, the victim accepted a compensation of 850,000 yuan under a strict non-disclosure agreement to remove her social media posts. However, after exposing the illegal clinic online once again due to subsequent disputes, the court ordered the victim to return 400,000 yuan for breaching the signed contract.

