യൂറോപ്യൻ യൂണിയൻ അടുത്തിടെ നടപ്പിലാക്കിയ പുതിയ ഡിജിറ്റല്‍ ബോർഡർ ചെക്ക് സംവിധാനം (Entry/Exit System - EES) വിമാനത്താവളങ്ങളില്‍ വലിയ യാത്രാദുരിതത്തിന് കാരണമാകുന്നു.
മണിക്കൂറുകളോളം നീളുന്ന ക്യൂവും, പാതി നിറച്ച വിമാനങ്ങളുമായി പുറപ്പെടേണ്ടി വരുന്ന അവസ്ഥയുമാണ് ഇപ്പോള്‍ പല വിമാനത്താവളങ്ങളിലും ഉള്ളതെന്ന് വ്യോമയാന മേഖലയിലെ പ്രമുഖ സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു (EU Entry Exit System Delays). അഞ്ച് മണിക്കൂർ വരെ നീളുന്ന ക്യൂകള്‍ യാത്രക്കാരെ വട്ടംകറക്കുമ്പോള്‍, വരാനിരിക്കുന്ന വേനല്‍ക്കാല തിരക്ക് മുൻനിർത്തി ഈ സംവിധാനത്തില്‍ അടിയന്തരമായി ഇളവുകള്‍ വേണമെന്ന് എയർപോർട്ടുകളും എയർലൈനുകളും ആവശ്യപ്പെട്ടു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ന്‍ നല്കിയ സംയുക്ത കത്തില്‍, നിലവിലെ സാഹചര്യം ഒരു ‘ക്രിട്ടിക്കല്‍ പോയിന്റിലെത്തിയെന്ന്’ വ്യോമയാന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 40 ദശലക്ഷത്തിലധികം അധിക യാത്രക്കാരെയാണ് യൂറോപ്യൻ വിമാനത്താവളങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നടപടി ക്രമങ്ങളില്‍ മതിയായ സൗകര്യം അനുവദിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്നും, ഇത് യൂറോപ്യൻ ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു. ബോർഡർ സംവിധാനങ്ങളുടെ പ്രവർത്തനശേഷിയില്‍ കൂടുതല്‍ യാത്രക്കാരുള്ളപ്പോള്‍, താല്‍ക്കാലികമായി ഈ പുതിയ സംവിധാനം നിർത്തിവെക്കാൻ അംഗരാജ്യങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
യാത്രാ തടസ്സങ്ങള്‍ യൂറോപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതിനൊപ്പം, വിനോദസഞ്ചാര മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടും. ഏകദേശം 41 ദശലക്ഷം വിനോദസഞ്ചാരികളെയും 45.4 ബില്യണ്‍ ഡോളറിന്റെ വരുമാനത്തെയും ഈ കാലതാമസം ബാധിച്ചേക്കാമെന്ന് വേള്‍ഡ് ട്രാവല്‍ ആൻഡ് ടൂറിസം കൗണ്‍സില്‍ (WTTC) മുന്നറിയിപ്പ് നല്കുന്നു. ഒക്ടോബറില്‍ ആരംഭിച്ച ഇ-ഇഎസ് (EES) സംവിധാനം പാസ്പോർട്ടുകളില്‍ സ്റ്റാമ്പ് പതിക്കുന്ന രീതിക്ക് പകരമായാണ് കൊണ്ടുവന്നതെങ്കിലും, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും മതിയായ ജീവനക്കാരുടെ അഭാവവും ഈ സംവിധാനത്തിന് തിരിച്ചടിയാവുകയാണ്.
Summary: The European Union’s newly implemented Entry/Exit System (EES) has triggered severe travel disruption, with airports and airlines reporting five-hour queues and flights departing with unfilled seats. Industry lobby groups have urged the European Commission to allow flexibility to suspend the digital border check system during peak travel times, warning that excessive delays are undermining Europe’s competitiveness and potentially threatening over $45 billion in visitor spending. Despite the system being fully operational since April, persistent technical issues and staffing shortages continue to cause chaos for travelers across the Schengen Area.

