തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന നാടിളക്കിയുള്ള പരസ്യ പ്രചാരണത്തിന് ആവേശത്തിന്റെ പരകോടി കണ്ട കൊട്ടിക്കലാശം.
നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലൂടെയാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. ഏപ്രില്‍ 9 വ്യാഴാഴ്ച കേരളം വിധിയെഴുതും.
ഓരോ മണ്ഡലത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലാണ് കൊട്ടിക്കലാശത്തിനായി മുന്നണികള്‍ പ്രവര്‍ത്തകരെ അണിനിരത്തിയത്. റോഡ് ഷോ, ബൈക്ക് റാലി, ഡിജെ, ബാന്‍ഡ് മേളം തുടങ്ങിയവ കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടി.
സംസ്ഥാനത്ത് കടുത്ത പോരിന് കളമൊരുങ്ങിയതിനാല്‍ പ്രവര്‍ത്തകരുടെ ആവേശം വാനോളമായിരുന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഓരോ വോട്ടും ഉറപ്പിക്കാന്‍ പ്രവര്‍ത്തകരും അത്യുത്സാഹത്തോടെ അണിചേര്‍ന്നു.
നാടും നഗരവും ഒരുപോലെ കൊട്ടിക്കലാശത്തിന്റെ വീര്യമറിഞ്ഞു. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ക്രെയിനിലേറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ത്രസിപ്പിക്കുന്ന സംഗീതത്തിന് നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‍ പങ്കുകൊണ്ടതും വേറിട്ട കാഴ്ചയായി.
അതേസമയം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചാരണ ചെലവ് നിയന്ത്രിച്ച് അര്‍ഹരായവര്‍ക്ക് വീടൊരുക്കുന്നതിനായി കലാശക്കൊട്ട് വേണ്ടെന്നുവച്ചു. 2018ലെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നുള്ള ആരോപണത്തിന്റെ ചുവടുപിടിച്ച് റാന്നിയിലെ UDF സ്ഥാനാര്‍ത്ഥി പഴകുളം മധു സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുകയാണുണ്ടായത്.
പരിസമാപ്തിയായത് കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിന്
യുഡിഎഫിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തുടങ്ങിയവര്‍ പ്രചാരണത്തിന് എത്തിയിരുന്നു.
ഇടതുമുന്നണിക്കായി ആര്‍ജെഡി അദ്ധ്യക്ഷന്‍ തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയവരും എത്തി.
ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍, നടി ഖുഷ്ബു, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ കളം നിറഞ്ഞു.
ഭരണത്തുടര്‍ച്ചയ്ക്ക് LDF, അധികാരം പിടിക്കാന്‍ UDF
ഇടതുമുന്നണി ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടുതേടുമ്പോള്‍ അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു. അതേസമയം, ഇക്കുറി നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത്തരത്തില്‍ വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
പിണറായി വിജയന്‍ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തിനിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്, ഇടതുമുന്നണി വോട്ട് തേടുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്നും സര്‍ക്കാര്‍ അനുകൂലികള്‍ അവകാശപ്പെടുന്നു.
Also Read: പ്രോഗ്രസ് കാര്‍ഡുമായി തുടര്‍ഭരണത്തിന് വോട്ടുതേടി LDF, വികസനവും കരുതലും വോട്ടാകുമെന്ന പ്രതീക്ഷയില്‍ മുന്നണി
അതേസമയം ഭരണത്തില്‍ തിരിച്ചെത്താന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് കോണ്‍ഗ്രസും യുഡിഎഫും. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും 100 സീറ്റില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കുമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
പ്രചാരണത്തില്‍ ഡീലും, വയനാട് ഫണ്ടും, ശബരിമല സ്വര്‍ണക്കൊള്ളയും
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ എ പത്മകുമാര്‍ ഉള്‍പ്പടെ സിപിഎം നേതാക്കള്‍ അറസ്റ്റിലായത് UDF പ്രധാന പ്രചാരണവിഷയമാക്കിയിരുന്നു.
കൂടാതെ, സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലാണെന്നും UDF വ്യാപക പ്രചാരണം അഴിച്ചുവിട്ടു. ചികിത്സാപ്പിഴവുകള്‍ മൂലം മരണങ്ങളുണ്ടായതും ശസ്ത്രക്രിയാ തെറ്റുകള്‍ രോഗികളെ ഗുരുതരാവസ്ഥയിലാക്കിയതുമായ സംഭവങ്ങള്‍ ഉയര്‍ത്തി ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കി.
പൊലീസ് ക്രൂരതകളും സേന സംഘപരിവാര്‍ വല്‍ക്കരിക്കപ്പെട്ടെന്ന ആരോപണങ്ങളും UDF ഉയര്‍ത്തിയിരുന്നു. വിവിധ നികുതികള്‍ വര്‍ധിപ്പിച്ചതും പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതും അടക്കം ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ അധികഭാരം ഏര്‍പ്പിച്ചത് ജനവിധിയില്‍ നിഴലിക്കുമെന്നും യുഡിഎഫ് പറയുന്നു.
പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി വയനാട് ഫണ്ട് വിവാദം
ചൂരല്‍മല-മുണ്ടക്കൈ പ്രളയബാധിതരുടെ കുടുംബങ്ങള്‍ക്കായി കോണ്‍ഗ്രസ് പണം പിരിച്ച് ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണം ഉയര്‍ത്തി പ്രതിപക്ഷത്തെ സിപിഎം പ്രതിക്കൂട്ടിലാക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണരംഗം സാക്ഷ്യം വഹിച്ചു.
ശവംതൂക്കികളാണ് കോണ്‍ഗ്രസ് എന്ന പ്രചാരണം ശക്തമായതോടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. പിരിച്ചതില്‍ കൂടുതല്‍ തുക ഭൂമി വാങ്ങാന്‍ നല്‍കേണ്ടിവന്നുവെന്ന് കോണ്‍ഗ്രസിന് വിശദീകരിക്കേണ്ടി വന്നു.
അങ്ങനെയെങ്കില്‍ വാഗ്ദാനം ചെയ്യപ്പെട്ട വീടുകള്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ചോദ്യമുയര്‍ത്തിയും കോണ്‍ഗ്രസിനെ സിപിഎം കടന്നാക്രമിച്ചു. കെപിസിസി-എഐസിസി ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഒടുവിലെ പ്രഖ്യാപനം.
നല്‍കുന്ന വാഗ്ദാനം പാലിക്കാത്തവരാണ് ഇന്ദിര ഗ്യാരണ്ടിയുമായി വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വയനാട് വിഷയം മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ ഇപ്പോഴും കടന്നാക്രമിച്ച് വരികയാണ്.
പയ്യന്നൂരിലേത് ഉള്‍പ്പടെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിരോധം. ഇരുകൂട്ടരുടെയും ആക്രമണ പ്രത്യാക്രമണങ്ങള്‍ വിജയിച്ചോയെന്ന് മെയ് 4ന് അറിയാം.

