Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala High Speed Rail Project: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂര്‍, ആകാശപാതയും ഭൂഗര്‍ഭ ടണലും, 60,000 കോട ചെലവ്; മെട്രോമാൻ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി ഇങ്ങനെ

Kerala High Speed Rail Project: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂര്‍, ആകാശപാതയും ഭൂഗര്‍ഭ ടണലും, 60,000 കോട ചെലവ്; മെട്രോമാൻ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി ഇങ്ങനെ

കേരളത്തിന്റെ റെയില്‍ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയില്‍ പദ്ധതിയുടെ (E Sreedharan High Speed Rail Project) വിശദാംശങ്ങള്‍ പുറത്തുവന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശ്രീധരൻ പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്തായത്.

തിരുവനന്തപുരത്തെ പൂജപ്പുര മുതല്‍ കണ്ണൂരിലെ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗ റെയില്‍ പാത (Kerala High Speed Rail Project) വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഉപയോഗിച്ച്‌ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ വെറും മൂന്നര മണിക്കൂർ മതി.

23 സ്റ്റേഷനുകളുള്ള അതിവേഗ പാത


സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂജപ്പുര, തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പാലാരിവട്ടം, ആലുവ, കൊച്ചി എയർപോർട്ട്, ചാലക്കുടി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കോഴിക്കോട് എയർപോർട്ട്, കോഴിക്കോട്, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് വരെ നീളുന്നതാണ് പാത.

Google Keyword Ads Case: ഗൂഗിളിന്റെ കീവേഡ് പരസ്യങ്ങള്‍ ഇനി നിയമവലയത്തില്‍? ഹിന്ദ്‌വെയർ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിർണായക വിധി

സ്റ്റേഷനുകള്‍ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്ററായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനില്‍ നിന്ന് പ്രത്യേക റോഡ് സൗകര്യവും നിർദേശിച്ചിട്ടുണ്ട്.

ആകാശപാതയും ഭൂഗർഭ ടണലും


തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ഭാഗം ഭൂഗർഭ ടണലായോ അണ്ടർഗ്രൗണ്ടായോ നിർമിക്കും. ബാക്കി മുഴുവൻ പാതയും ആകാശപാത രൂപത്തിലാണ് നിർമിക്കാൻ പദ്ധതിയിടുന്നത്. 20 മീറ്റർ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകുമെന്നതാണ് പ്രത്യേകത.



നിർമാണത്തിന് ശേഷം ഭൂമി ഉടമകള്‍ക്ക് കൃഷിയോ കന്നുകാലി വളർത്തലോ നടത്താൻ നിശ്ചിത വ്യവസ്ഥകളോടെ ഭൂമി തിരിച്ചുപയോഗിക്കാനാകുമെന്നും രൂപരേഖ വ്യക്തമാക്കുന്നു.

ലോകത്തിലെ ആദ്യ ഹരിത റെയില്‍ ഇടനാഴി


പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത സ്വന്തം സൗരോർജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതിയിലാണ് ട്രെയിനുകള്‍ പ്രവർത്തിക്കുക എന്നതാണ്. ആവശ്യത്തിനുമപ്പുറം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതോടെ ലോകത്തിലെ ആദ്യ സമ്പൂർണ ഹരിത അതിവേഗ റെയില്‍ ഇടനാഴിയായി കേരള പദ്ധതി മാറുമെന്നാണ് വിലയിരുത്തല്‍.

20 മിനിറ്റില്‍ സർവീസ്


ആദ്യഘട്ടത്തില്‍ 12 കോച്ചുകളുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക. ഒരു ട്രെയിനില്‍ 800 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. തിരക്കേറിയ സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും മറ്റ് സമയങ്ങളില്‍ 40 മിനിറ്റിലും സർവീസ് ഉണ്ടായിരിക്കും.

ഭാവിയില്‍ കോച്ചുകളുടെ എണ്ണം 16 ആയും സർവീസ് ഇടവേള അഞ്ച് മിനിറ്റായി കുറയ്ക്കാനും കഴിയും. അങ്ങനെ വന്നാല്‍ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി പദ്ധതിക്കുണ്ടാകും.


Nedumangad Child Death Case: 51 മുറിവുകള്‍, ജനനേന്ദ്രിയത്തിലും പരിക്ക്, ശരീരമാകെ പൊള്ളലേറ്റ പാടുകളും; നെടുമങ്ങാട് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം, അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

യാത്രക്കാർക്ക് നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി.

60,000 കോടി രൂപ ചെലവ്


പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 60,000 കോടി രൂപയെന്നാണ് കണക്ക്. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ ചെലവാകും. ഇതില്‍ 36,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ 51:49 അനുപാതത്തില്‍ വഹിക്കണമെന്നാണ് നിർദേശം. ബാക്കി 24,000 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കാനാണ് പദ്ധതി.

സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ അഞ്ച് വർഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ഇ. ശ്രീധരന്റെ വിലയിരുത്തല്‍. രണ്ടാം ഘട്ടത്തില്‍ കണ്ണൂരില്‍ നിന്ന് കാസർകോട്ടേക്കും, കോഴിക്കോട് മുതല്‍ കല്‍പ്പറ്റയിലേക്കും, പട്ടാമ്പി-തൃശൂർ വഴി പാലക്കാട്ടേക്കും പാത നീട്ടാനുള്ള സാധ്യതകളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam