Tuesday, 22 Sep, 10.35 am True Vartha

ഹോം
കോവിഡ് ക്ലസ്റ്ററുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ പ്രഖ്യാപിച്ച ക്ലസ്റ്ററുകള്‍ തിരിച്ചടി: കോവിഡ് പകരുമെന്ന് ഭയന്ന് രോഗികള്‍ വരുന്നില്ല: ക്ലസ്റ്റര്‍ നിര്‍ണയം അശാസ്ത്രീയമെന്ന് പരാതി

പത്തനംതിട്ട: കോവിഡ് ക്ലസ്റ്റര്‍ നിര്‍ണയത്തില്‍ അപാകം കടന്നു കൂടിയത് കാരണം സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയില്‍. ഒന്നോ രണ്ടോ രോഗികള്‍ അവിടെ നിന്ന് ഉണ്ടായതിന്റെ പേരില്‍ ആശുപത്രികള്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്ലസ്റ്റര്‍ ആക്കി പ്രഖ്യാപിച്ചതാണ് വിനയായിരിക്കുന്നത്. ഇത്തരം ആശുപത്രികള്‍ രോഗ ഉറവിട-വ്യാപന കേന്ദ്രങ്ങളാണെന്ന പ്രചാരണമാണ് തിരിച്ചടിയാകുന്നത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികളിലേക്ക് രോഗികള്‍ എത്തുന്നതില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമേ ഈ ആശുപത്രികളില്‍ ചെന്നാല്‍ കോവിഡ് പകരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചാരണവും നടക്കുന്നു. ലാര്‍ജ്/ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍, എന്നിങ്ങനെ തരം തിരിക്കുന്നത് രോഗികളെയും അവരില്‍ നിന്ന് സമ്ബര്‍ക്കമുണ്ടായിട്ടുള്ള മറ്റുള്ളവരെയും കണ്ടെത്തി രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഇതു പക്ഷേ, രോഗവ്യാപന കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് രണ്ടോ അതിലധികമോ പേര്‍ക്ക് ഉറവിടം വ്യക്തമല്ലാത്ത രോഗബാധ സ്ഥിരീകരിച്ചാലാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കുകയെന്ന് പത്തനംതിട്ട ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോ. എബി സുഷന്‍ പറയുന്നു. അതിന്റെ അര്‍ഥം ആ സ്ഥാപനത്തില്‍ നിന്ന് രോഗം ഉണ്ടായി എന്നല്ല. അവിടെ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്ബര്‍ക്കത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നുവെന്ന് മാത്രമാണ്. തിരുവല്ലയില്‍ രണ്ട് സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍ ആണ്. ഈ ക്ലസ്റ്ററുകളില്‍ രോഗികളുടെ എണ്ണം 200 കടന്നിട്ടുണ്ട്. എന്നു വച്ച്‌ 200 രോഗികളും ഈ ആശുപത്രിയില്‍ വന്ന് രോഗം പകര്‍ന്നവരല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇവരുടെ വീട്ടുകാര്‍ക്കും സമ്ബര്‍ക്കമുള്ളവര്‍ക്കുമെല്ലാം പിന്നീട് പകരുകയാണ് ഉണ്ടായത്. രോഗം ആദ്യം ഉണ്ടായതു കൊണ്ട് മാത്രം ആ സ്ഥാപനത്തില്‍ പേരില്‍ ക്ലസ്റ്റര്‍ വരുന്നുവെന്നേയുള്ളൂ.

ജില്ലയില്‍ കടയ്ക്കാട്, കടമ്ബനാട്, നെല്ലാട് പ്രദേശങ്ങള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആണ്. കണ്ണങ്കോട്, കൊല്ലകുന്നില്‍ കോളനി, കുടുക്കച്ചിറ കോളനി, വകയാര്‍ ലക്ഷംവീട് കോളനി, കോഴഞ്ചേരി മാര്‍ക്കറ്റ്, ചിറ്റാര്‍ മാര്‍ക്കറ്റ് എന്നിവ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ തിരുവല്ല താലൂക്ക് ആശുപത്രിയും ഉള്‍പ്പെടുന്നുണ്ട്.
ക്ലസ്റ്ററുകളുടെ പേര് ആദ്യമൊക്കെ ഡി.എം. ഓഫീസില്‍ നിന്ന് പുറത്തു വിട്ടിരുന്നു. പിന്നീട് അതൊഴിവാക്കിയാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍, ക്ലസ്റ്റര്‍ വിവരങ്ങള്‍ ചോര്‍ന്നു കിട്ടുന്ന ചിലര്‍ അത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുവെന്നാണ് ആശുപത്രികളുടെ പരാതി. തെറ്റായ ഈ പ്രചാരണം കാരണം രോഗികള്‍ എത്താന്‍ മടിക്കുന്നത് ആശുപത്രികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: True Vartha Malayalam
Top