കൊച്ചി: പോക്‌സോ കേസിലെ അതിജീവിതയായ നാലുവയസുകാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോലീസുകാരനെ അസോസിയേഷന്റെ സംസ്ഥാന നേതാവും എസ്‌എച്ച്‌ഓയും ചേര്‍ന്ന് നടപടി എടുക്കാതെ സംരക്ഷിച്ചുവെന്ന് പരാതി.
ഇതു സംബന്ധിച്ച് അതിജീവതയുടെ കുടുംബം ആഭ്യന്തരവകുപ്പ് അഡിഷണല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. പിറവത്ത് എസ്‌എസ്ബി ഉദ്യോഗസ്ഥനും കേരളാ പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും പോലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റുമായ കെ.പി. പ്രവീണിനെതിരേയാണ് പരാതി.
യുഡിഎഫ് നേതാവിന്റെ ഭര്‍ത്താവ് പ്രതിയായ പോക്‌സോ കേസിലാണ് പ്രവീണ്‍ അതിജീവതയെ തിരിച്ചറിയുന്ന വിധത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചത്. രാഷ്ട്രീയ വിരോധം വച്ചായിരുന്നു പോലീസുകാരന്റെ നടപടി. പ്രതിയെ പിറവം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു ചെന്നപ്പോള്‍ പ്രവീണ്‍ ഇയാളുടെ ചിത്രം എടുക്കുകയും അതിജീവതയെ തിരിച്ചറിയുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വയ്ക്കുകയുമായിരുന്നു. പ്രതിയുടെ ഭാര്യയായ യുഡിഎഫ് നേതാവിന്റെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഇതിനെതിരേ അതിജീവതയുടെ ബന്ധുക്കള്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി. പ്രവീണിന്റെ പേര് സഹിതമാണ് പരാതി കൊടുത്തത്. എന്നാല്‍, എസ്‌എച്ച്‌ഓ ഇക്കാര്യത്തില്‍ പ്രവീണിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പരാതിയില്‍ അയാളുടെ പേര് ചേര്‍ക്കരുതെന്നും വിവരം എസ്പിയോട് പറയരുതെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ എസ്‌എച്ച്‌ഓ വീഴ്ച വരുത്തി. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍, പ്രവീണിന്റെ ഫോണ്‍ എന്നിവ പരിശോധിക്കാന്‍ മുതിര്‍ന്നില്ല. ഇങ്ങനെ ചെയ്യണമെന്ന നിര്‍ദേശിച്ച പോലീസുകാരെ എസ്‌എച്ച്‌ഓ മനീഷ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ഇത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് സിആര്‍ ബിജു ഇടപെട്ട കേസാണെന്നും വെറുതേ പണി വാങ്ങിക്കരുതെന്നും എസ്‌എച്ച്‌ഓ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ചിത്രം എടുത്ത് പ്രചരിപ്പിച്ച പ്രവീണ്‍ എന്ന പോലീസുകാരന് പകരം ഇയാളുടെ പോസ്റ്റ് ഷെയര്‍ ചെയ്ത ഓട്ടോഡ്രൈവര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിച്ചത് പ്രതിയുമായി പോയ പോലീസുകാരാണ്. എല്ലാവര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളത്.

