Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവല്ല നഗരസഭ പാര്‍ക്ക് അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കണം: കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി

തിരുവല്ല നഗരസഭ പാര്‍ക്ക് അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കണം: കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി

True Vartha 1 week ago

തിരുവല്ല: നഗരസഭ പാര്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത് പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യം അജണ്ടയില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

തര്‍ക്കങ്ങള്‍ക്കിടെ ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയി. രാവിലെ 11-ന് ആയിരുന്നു യോഗം. വിവരങ്ങള്‍ ശേഖരിക്കാന്‍ മാധ്യമപ്രവര്‍ത്തകരും കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നു.

അജണ്ട വായിച്ചു തുടങ്ങിയതോടെ പാര്‍ക്കിനെ സംബന്ധിച്ചുളള കാര്യങ്ങള്‍ വേണമെന്ന് എല്‍.ഡി.എഫ്. ആവശ്യപ്പെട്ടു. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ പുറത്തു പോകണമെന്ന് ചെയര്‍പേഴ്സണ്‍ നിലപാട് എടുത്തു. ആര്‍ക്കും കേറി ഇറങ്ങാവുന്ന ഇടമല്ല കൗണ്‍സില്‍ യോഗമെന്ന് കോണ്‍ഗ്രസ് വനിതാ അംഗം വിളിച്ചു പറഞ്ഞു. വാര്‍ത്ത ശേഖരിക്കാന്‍ എത്തുന്നത് നിയമവിരുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ നിലപാട് എടുത്തു. പരസ്പരം വാഗ്വാദങ്ങള്‍ തുടരുന്നതിനിടെയാണ് ചെയര്‍പേഴ്സണ്‍ സീറ്റ് വിട്ടത്. 2020-ല്‍ 20 വര്‍ഷത്തേക്ക് നഗരസഭയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നതാണ് വിഷയം. ഇതില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന് നഗരസഭാ സെക്രട്ടറി നിലവിലെ ഭരണസമിതിക്ക് കുറിപ്പ് എഴുതിയിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി മൂന്ന് മാസം മുമ്പ് രൂപവത്കരിച്ചിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നില്ല. വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന് കെ. സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജനു മാത്യു രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് കൗണ്‍സിലുകളിലും ചര്‍ച്ച ചെയ്യാം എന്ന മറുപടി ചെയര്‍പേഴ്സണ്‍ നല്‍കിയെങ്കിലും അജണ്ടയില്‍ ഉള്‍പ്പെട്ടില്ല. ഇതാണ് ബുധനാഴ്ച വിവാദമായത്.

അതേസമയം കൗണ്‍സിലറായി ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നും പഴയ കാലത്തെ വിഷയമാണ് പാര്‍ക്ക് എന്നും വിഷയം സംബന്ധിച്ച്‌ പഠിക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്നും നഗരസഭാ അധ്യക്ഷ എസ് ലേഖ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നതില്‍ വിരോധമില്ല എന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പാര്‍ക്ക് വിഷയത്തില്‍ ഒളിച്ചുകളി നടക്കുന്നുണ്ട്. അതാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ മടി. വിവരം പുറത്തറിയാതിരിക്കാനാണ് മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. രഹസ്യ നടപടിക്രമങ്ങളില്‍ ഒഴികെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാം എന്ന് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ ജെനു മാത്യു പറഞ്ഞു.

എല്‍.ഡി.എഫ്. അംഗങ്ങള്‍കൂടി സഹായിച്ച്‌ യു.ഡി.എഫ്. ഭരണം നടത്തിയ സമയത്താണ് പാര്‍ക്ക് പാട്ടക്കരാര്‍ വെയ്ക്കുന്നത്. ആ യാഥാര്‍ഥ്യം തിരിച്ചറിയണം. വാര്‍ത്ത ശേഖരിക്കുന്നത് തടയേണ്ട യാതൊരാവശ്യവും ഇല്ലാത്ത നടപടിയാണ് എന്ന് എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാധാകൃഷ്ണന്‍ വേണാട്ടും പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: True Vartha Malayalam