ആലപ്പുഴ: ( www.truevisionnews.com ) അരൂരില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അരൂർ പള്ളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യൻ (71) ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ നല്‍കാൻ വൈകുന്നതിലുള്ള മാനസിക വിഷമത്തിലാണ് സുബ്രമണ്യൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
തീരദേശ പരിപാലന നിയമത്തിന്റെ (സിആർഇസഡ്) പരിധിയില്‍ വരുന്നതിനാലാണ് വീട്ടുനമ്പർ നല്‍കാൻ തടസ്സമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. വീടിന് നമ്പർ ലഭിക്കാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ അവസാന ഗഡുവായ ഒരു ലക്ഷം രൂപ സുബ്രമണ്യന് കിട്ടിയിരുന്നില്ല.
ഇതിനായി ഒട്ടേറെ തവണ ഇദ്ദേഹം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിരുന്നു. ലൈഫ് വീടിന്റെ പണി പൂർത്തിയായെങ്കിലും തുക കിട്ടാത്തതും, സ്വന്തം രോഗാവസ്ഥയും, ഭാര്യയ്ക്കുണ്ടായ അപകടവും സുബ്രമണ്യനെ കടുത്ത മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നു.
ത്വക്ക് രോഗബാധിതനായിരുന്ന സുബ്രമണ്യന് രണ്ടാഴ്ചയായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ വീണ്ടും ആശുപത്രിയില്‍ പോകാനിരിക്കെയാണ് സുബ്രമണ്യനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കെട്ടിടത്തില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Elderly fisherman found dead in Alappuzha
#Latest news#Fisherman#Alappuzha#Hang death#Life house

