( www.truevisionnews.com ) "ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്, സ്വർണവും വെള്ളിയുമല്ല"- മഹാത്മാഗാന്ധി
ആരോഗ്യം എന്നത് കേവലം രോഗങ്ങളോ വൈകല്യങ്ങളോ ഇല്ലാത്ത ഒരവസ്ഥയല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ പൂർണ്ണമായ സംതൃപ്തിയുള്ള (Well-being) അവസ്ഥയാണ്.
ലോകാരോഗ്യ സംഘടനയുടെ ജന്മദിനമായ ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുമ്പോള്‍, "ആരോഗ്യത്തിനായി ഒന്നിച്ച്; ശാസ്ത്രത്തിനൊപ്പം നില്‍ക്കാം" (Together for Health. Stand with Science) എന്ന സന്ദേശമാണ് 2026 ല്‍ നല്‍കുന്നത്.
1948 ഏപ്രില്‍ ഏഴിന് ലോകാരോഗ്യ സംഘടന നിലവില്‍ വന്നെങ്കിലും,1950 ഏപ്രില്‍ 7 മുതലാണ് ലോകാരോഗ്യ ദിനം ആചരിക്കാൻ വേണ്ടി തുടങ്ങിയത്.ശാസ്ത്രീയമായ അറിവുകള്‍ക്കും വസ്തുതകള്‍ക്കും മുൻഗണന നല്‍കിക്കൊണ്ട് ആരോഗ്യ വെല്ലുവിളികളെ നേരിടുക എന്നതാണ് ഈ വർഷത്തെ ആരോഗ്യദിന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
മാറുന്ന ലോകം;
നവീന കാലഘട്ടത്തില്‍ ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും ലോകം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ സങ്കീർണ്ണമാണ്. ജീവിതശൈലി രോഗങ്ങള്‍ (NCDs): ലോകത്തെ ആകെയുള്ള മരണങ്ങളില്‍ 74 % വും ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയ പകർച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ മൂലമാണ്. പ്രതിവർഷം 4.1 കോടി ആളുകളാണ് ഇത്തരത്തില്‍ മരിക്കുന്നത്.
ലോകത്തിലെ 99% ആളുകളും ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ വായുവാണ്. പരിസ്ഥിതി മലിനീകരണം മൂലം മാത്രം വർഷം തോറും 1.3 കോടി മരണങ്ങള്‍ സംഭവിക്കുന്നു.
ലോകത്ത് എട്ടിലൊരാള്‍ എന്ന നിലയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കോവിഡ് കാലത്തിന് ശേഷം വിഷാദരോഗം, ഉത്കണ്ഠ എന്നിവയില്‍ 25 % വർധനവുണ്ടായി. മരുന്നുകളെ പ്രതിരോധിക്കാനുള്ള രോഗാണുക്കളുടെ ശേഷി (AMR) വർദ്ധിക്കുന്നത് ഭാവിയില്‍ വലിയ ഭീഷണിയാണ് ആരോഗ്യം രംഗത്ത് ഉണ്ടാക്കുന്നത്.
കേരളത്തിന്റെ അവസ്ഥ:-
ആരോഗ്യ സൂചികകളില്‍ അന്താരാഷ്ട്ര നിലവാരം പുലർത്തുമ്പോഴും കേരളം 'രോഗങ്ങളുടെ തലസ്ഥാനമായി' മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് മലയാളി. ഭക്ഷണക്രമത്തിലെ പിഴവുകള്‍, വ്യായാമമില്ലായ്മ, ലഹരി ഉപയോഗം എന്നിവ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആരോഗ്യത്തിന് ഭീഷണിയാകുന്ന വർത്തമാനകാല ഘടകങ്ങള്‍ വർദ്ധിച്ചുവരുന്നു.
ആധുനിക ലോകം നല്‍കുന്ന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ അദൃശ്യമായ പല ആരോഗ്യ ഭീഷണികളും കേരളത്തെ വേട്ടയാടുന്നുണ്ട്. നാരുകളില്ലാത്ത, അമിതമായി ഉപ്പും പഞ്ചസാരയും രാസവസ്തുക്കളും ചേർത്ത ഫാസ്റ്റ് ഫുഡുകള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും വാഹനങ്ങളുടെ അമിത ഉപയോഗവും പൊണ്ണത്തടിക്കും പേശീക്ഷയത്തിനും വഴിതെളിക്കുന്നു.
മറ്റുള്ളവരുടെ ജീവിതവുമായി സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യുന്നത് വഴി അപകർഷതാബോധം, ഉത്കണ്ഠ എന്നിവ വർദ്ധിക്കുന്നു. സ്ക്രീനുകളില്‍ നിന്നുള്ള നീലവെളിച്ചം 'മെലറ്റോണിൻ' ഹോർമോണിന്റെ ഉല്‍പ്പാദനം കുറയ്ക്കുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ദീർഘനേരത്തെ ഉപയോഗം 'ഡിജിറ്റല്‍ ഐ സ്ട്രെയിൻ' (Digital Eye Strain) എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.
ആരോഗ്യത്തിന്റെ നാല് തൂണുകള്‍:-
യഥാർത്ഥ ആരോഗ്യം കൈവരിക്കാൻ നാല് വശങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
അവയവങ്ങളുടെ സുഗമമായ പ്രവർത്തനം, സമ്മർദ്ദങ്ങളെ അതിജീവിക്കാനും സന്തോഷത്തോടെ ഇരിക്കാനുമുള്ള കഴിവ്, നല്ല സാമൂഹിക ബന്ധങ്ങള്‍ പുലർത്തുകയും ജീവിതത്തിന് കൃത്യമായ ലക്ഷ്യബോധവും സമാധാനവും കണ്ടെത്തുകയും ചെയ്താലേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ.
നമുക്ക് എന്ത് ചെയ്യാം?
ആരോഗ്യകരമായ ശീലങ്ങള്‍ക്ക്, ശാസ്ത്രീയമായ രീതിയിലുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനം. 'ഭക്ഷണം ഔഷധമാക്കുക' എന്ന നയം പിന്തുടരണം. പ്രതിദിനം ഒരു ടീസ്പൂണില്‍ കൂടുതല്‍ (5 ഗ്രാം) ഉപ്പ് ഉപയോഗിക്കരുത്. പഞ്ചസാരയുടെ അളവ് ആകെ ഊർജ്ജത്തിന്റെ 5%-ല്‍ താഴെയായി പരിമിതപ്പെടുത്തണം.
മുതിർന്നവർ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റും കുട്ടികള്‍ ദിവസവും ശരാശരി 60 മിനിറ്റും ശാരീരിക അധ്വാനം ഉറപ്പാക്കണം. ഭക്ഷണസമയത്തും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും ഫോണ്‍ മാറ്റിവെക്കുക. പുകയില പൂർണ്ണമായും ഒഴിവാക്കുക. മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് മനസ്സിലാക്കുക.
മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് WHO-യുടെ 'വണ്‍ ഹെല്‍ത്ത്' (One Health) എന്ന കാഴ്ചപ്പാട് കൊണ്ട് ഉദ്ദേശിക്കുന്നത്.കാലാവസ്ഥാ വ്യതിയാനവും വായു മലിനീകരണവും തടയുന്നതിലൂടെ മാത്രമേ മനുഷ്യന് പൂർണ്ണമായ ആരോഗ്യം കൈവരിക്കാൻ കഴിയൂ.
"ആരോഗ്യം ഒരു ലക്ഷ്യമല്ല, മറിച്ച് ദൈനംദിന ജീവിതത്തിനുള്ള വിഭവമാണ്" - ഇതാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന ഏറ്റവും വലിയ പാഠം. ശാസ്ത്രീയ അവബോധം വളർത്തിയും ആരോഗ്യ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകാം. നമ്മുടെ ശരീരം ഒരു യന്ത്രമാണെങ്കില്‍ അത് തടസ്സമില്ലാതെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇത് വ്യക്തികളുടെ ഉത്തരവാദിത്വം മാത്രമല്ല മറിച്ച് സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്.
വെല്ലുവിളികള്‍ :-
ലോകാരോഗ്യ സംഘടന (WHO) ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ കേവലം ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല; അവ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തലങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നു. ലോകാരോഗ്യ സംഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൃത്യമായ ഫണ്ടിന്റെ കുറവാണ്.
സംഘടനയുടെ ബജറ്റിന്റെ വലിയൊരു ഭാഗവും ലഭിക്കുന്നത് അംഗരാജ്യങ്ങളുടെ നിശ്ചിത വിഹിതത്തേക്കാള്‍ ഉപരിയായി വ്യക്തിഗത ദാതാക്കളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ് (Voluntary Contributions). ഇത് പലപ്പോഴും ദാതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ മാറ്റാൻ സംഘടനയെ നിർബന്ധിതരാക്കുന്നു.
വലിയ രാജ്യങ്ങള്‍ സാമ്പത്തിക വിഹിതം കുറയ്ക്കുന്നത് ആഗോള ആരോഗ്യ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങളും വിശ്വാസ്യതയും അന്താരാഷ്ട്ര രാഷ്ട്രീയ തർക്കങ്ങള്‍ പലപ്പോഴും WHO-യുടെ പ്രവർത്തനങ്ങളെ തളർത്തുന്നു.
വൻശക്തി രാജ്യങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് സംഘടന വഴങ്ങുന്നു എന്ന വിമർശനം അടുത്ത കാലത്തായി ശക്തമാണ്. അടിയന്തര ഘട്ടങ്ങളില്‍ കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിലും വിവരങ്ങള്‍ കൈമാറുന്നതിലും സംഘടന പരാജയപ്പെടുന്നു എന്ന ആരോപണം പൊതുജനവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
വിവരസാങ്കേതികവിദ്യയും വ്യാജവാർത്തകളും (Infodemic)
സോഷ്യല്‍ മീഡിയയിലൂടെ പടരുന്ന തെറ്റായ ആരോഗ്യവിവരങ്ങള്‍ (Medical Misinformation) WHO-യ്ക്ക് വലിയ വെല്ലുവിളിയാണ്. വാക്സിനുകള്‍ക്കെതിരെയുള്ള പ്രചാരണം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികള്‍ എന്നിവ തടയുന്നതില്‍ സംഘടന വലിയ പോരാട്ടം നടത്തേണ്ടി വരുന്നു. ഇതിനെ നേരിടാൻ 'ഇൻഫോഡെമിക് മാനേജ്‌മെന്റ്' എന്ന പുതിയ വിഭാഗം തന്നെ തുടങ്ങേണ്ടി വന്നു.
പുതിയ മഹാമാരികളും വകഭേദങ്ങളും
രോഗാണുക്കള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകത്തിന് മുന്നില്‍ നിരന്തരം ചോദ്യങ്ങള്‍ ഉയർത്തുന്നു. ആന്റിബയോട്ടിക് പ്രതിരോധം (AMR): നിലവിലുള്ള മരുന്നുകള്‍ ഫലിക്കാത്ത രീതിയില്‍ രോഗാണുക്കള്‍ ശക്തി പ്രാപിക്കുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തമായി WHO കാണുന്നു.
സീനോട്ടിക് രോഗങ്ങള്‍: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസുകള്‍ (ഉദാ: നിപ, കോവിഡ്, മങ്കിപോക്സ്) സൃഷ്ടിക്കുന്ന ഭീഷണി വർദ്ധിച്ചുവരികയാണ്.
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും
കാലാവസ്ഥാ വ്യതിയാനം ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. വായു മലിനീകരണം, ശുദ്ധജല ദൗർലഭ്യം, അതിശൈത്യവും ഉഷ്ണതരംഗവും മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കാൻ ലോകരാജ്യങ്ങളെ ഏകോപിപ്പിക്കുക എന്നത് വലിയ പ്രായോഗിക തടസ്സമാണ്.
ആരോഗ്യരംഗത്തെ അസമത്വം
സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ പരിരക്ഷാ വ്യത്യാസം കുറയ്ക്കാൻ സംഘടനയ്ക്ക് ഇന്നും പൂർണ്ണമായി കഴിഞ്ഞിട്ടില്ല. വാക്സിനുകളുടെ വിതരണം, മരുന്നുകളുടെ ലഭ്യത എന്നിവയില്‍ ആഫ്രിക്കൻ രാജ്യങ്ങളും മറ്റും ഇന്നും പിന്നോക്കമാണ്. 'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ സാമ്പത്തിക അന്തരം വലിയ തടസ്സമാണ്.
ചുരുക്കത്തില്‍, ഒരു സാങ്കേതിക ഏജൻസി എന്ന നിലയില്‍ നിന്ന് മാറി കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം ലഭിച്ചാല്‍ മാത്രമേ ലോകാരോഗ്യ സംഘടനയ്ക്ക് ഈ വെല്ലുവിളികളെ മറികടക്കാൻ സാധിക്കൂ.
അമേരിക്കയുടെ താല്പര്യം :-
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ അമേരിക്കയുമായുള്ള പ്രശ്നങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്ന രാജ്യം അമേരിക്കയാണ്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാല്‍ പുതിയ പ്രസിഡന്റിന്റെ അഴകൊഴമ്പൻ നയങ്ങളാലും ഫണ്ട് തടഞ്ഞുവെക്കുന്നത് സംഘടനയെ പ്രതിസന്ധിയിലാക്കാറുണ്ട്.
ലോകാരോഗ്യ സംഘടന ചൈനയെ അമിതമായി സംരക്ഷിക്കുന്നു എന്ന വലിയൊരു ആരോപണം അമേരിക്ക കാലാകാലങ്ങളായി ഉന്നയിക്കുന്നുണ്ട്. കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ സംഘടന വരുത്തിയ കാലതാമസവും ചൈന നല്‍കിയ വിവരങ്ങളെ അതേപടി വിശ്വസിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. ഇത് WHO-യുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാൻ അമേരിക്കയ്ക്ക് അവസരം നല്‍കി.
സംഘടനയുടെ ഭരണഘടനയിലും തീരുമാനങ്ങള്‍ എടുക്കുന്ന രീതിയിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നു.
രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് സംഘടന മുക്തമാകണമെന്നുമാണ് അമേരിക്കയുടെ വാദം. ഈ സമ്മർദ്ദം പലപ്പോഴും സംഘടനയ്ക്കുള്ളില്‍ ഭരണപരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട മരുന്ന് കമ്പനികളുടെ (Big Pharma) താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്താറുണ്ട്.
ദരിദ്ര രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകളും വാക്സിനുകളും ലഭ്യമാക്കാൻ WHO ശ്രമിക്കുമ്പോള്‍, പേറ്റന്റ് നിയമങ്ങളില്‍ ഇളവ് നല്‍കുന്നതിനെ അമേരിക്കൻ കമ്പനികള്‍ എതിർക്കാറുണ്ട്.
ലോകത്തിന്റെ 'ആരോഗ്യ പോലീസ്' ആയി പ്രവർത്തിക്കാൻ അമേരിക്ക ആഗ്രഹിക്കുമ്പോള്‍, ഒരു അന്താരാഷ്ട്ര ഏജൻസി എന്ന നിലയില്‍ WHO-യുടെ സ്വതന്ത്രമായ തീരുമാനങ്ങള്‍ പലപ്പോഴും അമേരിക്കൻ വിദേശനയങ്ങളുമായി ഏറ്റുമുട്ടാറുണ്ട്. തായ്‌വാന്റെ അംഗത്വം പോലുള്ള രാഷ്ട്രീയ വിഷയങ്ങളിലും അമേരിക്കയും WHO-യും (ചൈനയുടെ സമ്മർദ്ദം മൂലം) രണ്ട് തട്ടിലാണ്.
ചുരുക്കത്തില്‍: അമേരിക്കയുടെ സാമ്പത്തിക സഹായം സംഘടനയ്ക്ക് അത്യാവശ്യമാണെങ്കിലും, അമേരിക്കയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും ആരോപണങ്ങളും സംഘടനയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ആഗോള പ്രതിച്ഛായയെയും പലപ്പോഴും ദോഷകരമായി ബാധിക്കുന്നുണ്ട്.
ഭാവിയിലേക്കുള്ള വഴി :-
ലോകാരോഗ്യ ദിനം 2026 ല്‍ ആചരിക്കുമ്പോള്‍ ഫ്രാൻസില്‍ വെച്ച് ഏപ്രില്‍ ഏഴിന് നടക്കുന്ന ആഗോള ആരോഗ്യ പ്രൊഫഷണല്‍ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ആരോഗ്യ മേഖലയില്‍ 2026 ല്‍ വലിയ മാറ്റമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. നിർമിതി ബുദ്ധി ആരോഗ്യമേഖലയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുകയാണ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം വഴിയുള്ള ചികിത്സ ആരോഗ്യ മേഖലയില്‍ വ്യാപിച്ചു തുടങ്ങി.
വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ആരോഗ്യ മേഖലയില്‍ സാർവത്രികമായി മാറി. ഹോസ്പിറ്റലില്‍ പോകാതെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സമ്പുഷ്ടമായി. മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം രാജ്യങ്ങള്‍ നല്‍കാൻ തുടങ്ങി. രോഗനിർണയങ്ങള്‍ ആധുനികരീതിയിലുള്ള യന്ത്രങ്ങളിലേക്ക് മാറി. പ്രതിരോധവും സജീവമായ ഇടപെടലുകളുമായി ആരോഗ്യരംഗം പുഷ്കലമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് 2026 ഏപ്രില്‍ 7 വീണ്ടും കടന്നു വന്നിരിക്കുന്നത്.
"നമ്മുടെ ശരീരങ്ങള്‍ നമ്മുടെ തോട്ടങ്ങളാണ്, നമ്മുടെ ഇച്ഛാശക്തി അവിടുത്തെ തോട്ടക്കാരും "എന്ന വില്യം ഷേക്സ്പിയറുടെ വാക്കുകള്‍ ഈ അവസരത്തില്‍ ഓർത്തുപോകാം.
*
April 7 World Health Day

