അഹമ്മദാബാദ്: (truevisionnews.com)ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേർക്കുനേർ വരുന്നു.
തങ്ങളുടെ രണ്ടാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
മറുഭാഗത്ത്, അരങ്ങേറ്റ സീസണായ 2022-ല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഇന്ന് തയ്യാറെടുക്കുന്നത്. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയില്‍ തുടരുന്ന കനത്ത മഴയും കൊടുങ്കറ്റും കാരണം ചണ്ഡീഗഢില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗുജറാത്ത് ടീമിന്റെ യാത്ര വൈകിയിരുന്നു.
ഇതോടെ, ഫൈനല്‍ മത്സരം മഴ മൂലം തടസ്സപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാല്‍, അക്യുവെതർ റിപ്പോർട്ടുകള്‍ പ്രകാരം ഇന്ന് അഹമ്മദാബാദില്‍ മഴ പെയ്യാൻ 5 ശതമാനം സാധ്യത മാത്രമെയുള്ളൂവെന്നത് ആരാധകർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണ്.
ആകാശം നേരിയ തോതില്‍ മേഘാവൃതമായിരിക്കുമെങ്കിലും മത്സരം പൂർണ്ണമായി തടസപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രവചനം. എങ്കിലും അപ്രതീക്ഷിതമായി മഴ വില്ലനായാല്‍ വിജയികളെ നിർണ്ണയിക്കാൻ വ്യക്തമായ നിയമങ്ങളുണ്ട്.
മുൻപത്തെ മത്സരങ്ങള്‍ക്ക് റിസർവ് ഡേ ഉണ്ടായിരുന്നില്ലെങ്കിലും ഫൈനലിനായി ബിസിസിഐ ജൂണ്‍ 1 തിങ്കളാഴ്ച റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മത്സരം ആരംഭിച്ച് മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് തടസ്സപ്പെടുകയാണെങ്കില്‍, മത്സരം എവിടെയാണോ നിർത്തിയത് അവിടെയുള്ള സ്കോറില്‍ നിന്ന് തന്നെ തിങ്കളാഴ്ച പുനരാരംഭിക്കും.
ഇനി റിസർവ് ദിനമായ തിങ്കളാഴ്ചയും കനത്ത മഴ കാരണം ഒരു പന്ത് പോലും എറിയാൻ സാധിക്കാതെ മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാല്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.
ലീഗ് ഘട്ടത്തിലെ പോയിന്റ് ടേബിളില്‍ ഗുജറാത്ത് ടൈറ്റൻസിനേക്കാള്‍ മുകളിലായി ഫിനിഷ് ചെയ്തത് ആർസിബി ആയതിനാലാണ് നിയമം അവർക്ക് അനുകൂലമാകുന്നത്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ 92 റണ്‍സിന് തകർത്താണ് ആർസിബി നേരിട്ട് ഫൈനലില്‍ എത്തിയത്.
ആ മത്സരത്തില്‍ പരാജയപ്പെട്ട ഗുജറാത്ത്, രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ റോയല്‍സിനെ 7 വിക്കറ്റിന് തകർത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് കിരീടം നേടാനായാല്‍ ആർസിബി നായകൻ രജത് പാടിദാറിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ എം.എസ് ധോണിക്കും മുംബൈ ഇന്ത്യൻസന്റെ രോഹിത് ശർമ്മയ്ക്കും ശേഷം ഐപിഎല്ലില്‍ ക്യാപ്റ്റൻ എന്ന നിലയില്‍ തുടർച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന പദവി പാടിദാറിന് സ്വന്തമാകും.
എന്തായാലും കാര്യമായ മഴ ഭീഷണി നിലവിലില്ലാത്തതിനാല്‍ ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പൂർണ്ണമായ 20 ഓവർ തീയതി പോരാട്ടം തന്നെ കാണാനാകും എന്ന പ്രതീക്ഷയിലാണ് കായികലോകം.
Content Highlight: Who will win the cup if it rains in the IPL final
#Latest News#IPL Final#Who will pour the cup if it rains

