Dailyhunt
ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം: ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങള്‍ കണ്ടെത്തി

ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം: ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങള്‍ കണ്ടെത്തി

Truevisionnews 3 weeks ago

കോർണല്‍: (truevisionnews.com)ഭൂമിക്ക് സമാനമായ പ്രത്യേകതകളുള്ള 45 ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടുകൊണ്ട് പ്രപഞ്ചത്തിലെ ജീവന്റെ സാന്നിധ്യം തേടിയുള്ള യാത്രയില്‍ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ശാസ്ത്രലോകം.

കോർണല്‍ സർവകലാശാലയിലെ കാള്‍ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലിസ കാല്‍റ്റെനെഗറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ആയിരക്കണക്കിന് സൗരയൂഥേതര ഗ്രഹങ്ങളെ (Exoplanets) നിരീക്ഷിച്ച ശേഷം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.

നിലവില്‍ കണ്ടെത്തിയിട്ടുള്ള ആറായിരത്തിലധികം ഗ്രഹങ്ങളില്‍ നിന്ന്, ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കാൻ സാധ്യതയുള്ള 'ഹാബിറ്റബിള്‍ സോണ്‍' അഥവാ ജീവാനുകൂല മേഖലയിലുള്ള ഗ്രഹങ്ങളെയാണ് ഗവേഷകർ തരംതിരിച്ചത്.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയ ദൗത്യത്തില്‍ നിന്നും നാസയുടെ ആർക്കൈവുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ കണ്ടെത്തലിലേക്ക് സംഘം എത്തിയത്. ഒരു ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തില്‍ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് പരിശോധിച്ചാണ് അവ ജീവനെ പിന്തുണയ്ക്കുമോ എന്ന് വിലയിരുത്തിയത്.

ഇത്തരത്തില്‍ പരിശോധിച്ചപ്പോള്‍ 45 ഗ്രഹങ്ങള്‍ ജീവൻ നിലനില്‍ക്കാൻ അനുയോജ്യമായ വിപുലമായ മേഖലയിലാണെന്നും, അതില്‍ തന്നെ 24 എണ്ണം ജീവന്റെ സാന്നിധ്യത്തിന് ഏറ്റവും സാധ്യതയുള്ള കർശനമായ പരിധിയിലാണെന്നും വ്യക്തമായി.

ഭൂമിയില്‍ നിന്ന് ഏകദേശം 40 പ്രകാശവർഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 നക്ഷത്രസമൂഹത്തിലെ ഗ്രഹങ്ങളും, 'സൂപ്പർ എർത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന TOI-715 b എന്ന ഗ്രഹവുമാണ് ഈ പഠനത്തില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.

ഇവയ്ക്ക് പുറമെ പ്രോക്‌സിമ സെഞ്ച്വറി ബി, LHS 1140 b എന്നീ ഗ്രഹങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഈ ഗ്രഹങ്ങളെ കുറിച്ച്‌ കൂടുതല്‍ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

ഒരു ഗ്രഹം ജീവാനുകൂല മേഖലയിലാണെന്ന് കണ്ടെത്തുന്നതുകൊണ്ട് മാത്രം അവിടെ ജീവൻ ഉണ്ടെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഈ കണ്ടെത്തല്‍ വലിയ കരുത്തുപകരുന്നു.

45 Earth-like planets discovered

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews