തെഹ്‌റാൻ: (https://truevisionnews.com/) അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്.
ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധിയും മൊജ്തബയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡേ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലുമായുള്ള സംഘർഷം കടുത്ത സാഹചര്യത്തില്‍ നിലനില്‍ക്കുന്ന സുരക്ഷാ ആശങ്കകള്‍ മുൻനിർത്തിയാണ് ഈ തീരുമാനം.
കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിച്ചപ്പോള്‍ മൊജ്തബയുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായി ഹക്കിം ഇലാഹി വ്യക്തമാക്കി. ജനങ്ങളെ നേരിട്ട് കാണാൻ മൊജ്തബയ്ക്ക് താല്പര്യമുണ്ടെങ്കിലും നിലവിലെ അപകടകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ആയത്തുള്ള അലി ഖമനയിയുടെ വിയോഗം ഇറാൻ ജനതയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ദുഃഖത്തിലാണെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ജൂലൈ നാലിനാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. ജൂലൈ ഒമ്പതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ ഔദ്യോഗിക സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് തെഹ്‌റാനില്‍ ഇസ്രയേല്‍-യു.എസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷം ഇറാനെ നയിച്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ തെഹ്‌റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങുകളില്‍ രണ്ടു കോടിയോളം (20 മില്യണ്‍) ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങില്‍ പങ്കെടുത്തേക്കും. 1989ല്‍ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരുകോടി ജനങ്ങള്‍ എന്ന റെക്കോർഡ് ഇത്തവണ മറികടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Security concerns; Mojtaba Khamenei will reportedly not attend his father's funeral
#Latest news#Security concerns#Mojtaba Khamenei#Funeral#Ayatollah Ali Khamene

