ഹൈദരാബാദ്: ( www.truevisionnews.com ) ശംഷാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേർ മരിച്ചു.
എക്സിറ്റ് 16ന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതര പരിക്കുകളോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന് ലോറിക്കടിയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു.
കാർ ഓടിച്ചിരുന്ന സനാത്ത്നഗറില്‍ താമസിക്കുന്ന രാജണ്ണ സിർസില്ല സ്വദേശി ബൊള്ളി ശിവകുമാർ (37), ഭാര്യ ബൊള്ളി ലാസ്യ, ബൊള്ളി ഋഷിത എന്നിവരാണ് അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. കൂടെയുണ്ടായിരുന്ന കോഡം ശ്രീനിവാസ് (40), കുട്ടികളായ കൃഷ്ണ ചന്ദ്ര, കോഡം മാധവ് എന്നിവരും അപകടത്തില്‍ മരണപ്പെട്ടു. ശ്രീനിവാസിന്റെ ഭാര്യ ശ്വേത (35) മാത്രമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരെ ഉടൻതന്നെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
യാദഗിരിഗുട്ട ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ട സംഘമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം രാജണ്ണ സിർസില്ല ജില്ലക്കാരാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Six people including two children die after car crashes into lorry while returning from temple visit

