ബംഗളൂരു: ( www.truevisionnews.com ) കർണാടകയില്‍ സ്വത്ത് തർക്കത്തെ തുടർന്ന് ആറ് പേരെ വെടിവച്ചുകൊന്നു. ചഡച്ചൻ സ്വദേശികളായ രേവനസിദ്ദപ്പ നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, ചന്ദ്രശേഖർ നിരാലെ, രാഹുല്‍ നിരാലെ, ഷബ്ബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ അഞ്ച് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വിജയപുര ജില്ലയിലെ ഭീമാതീരയിലാണ് സംഭവം. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പ്പുണ്ടായത്.
നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ഭൂമി തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗോളഗി കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് നിരാലെ കുടുംബം ഈ കൃഷിഭൂമി വാങ്ങിയിരുന്നു.
നിരാലെ കുടുംബാംഗങ്ങള്‍ വയലില്‍ വിത്ത് വിതയ്ക്കാൻ എത്തിയപ്പോള്‍ ഗോളഗി കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വെടിയുതിർക്കുകയും മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരില്‍ അഞ്ച് പേർ നിരാലെ കുടുംബാംഗങ്ങളും ഒരാള്‍ അവിടെ ജോലിക്ക് വന്ന തൊഴിലാളിയുമാണ്. കൂട്ടക്കൊലയെത്തുടർന്ന് ഗോവിന്ദപുര ഗ്രാമത്തില്‍ കനത്ത സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ചഡച്ചൻ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബർഗിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Content Highlight: Content Highlights:- Six people shot dead in Karnataka over property dispute
#Latest News#Karnataka#Murder Case

