Dailyhunt
കുറ്റ്യാടി ചുരത്തില്‍ സ്കൂട്ടറിനുള്ളില്‍ പെരുമ്പാമ്പ്; യുവാവ് നടുറോഡില്‍ കുടുങ്ങിയത് മൂന്നര മണിക്കൂര്‍

കുറ്റ്യാടി ചുരത്തില്‍ സ്കൂട്ടറിനുള്ളില്‍ പെരുമ്പാമ്പ്; യുവാവ് നടുറോഡില്‍ കുടുങ്ങിയത് മൂന്നര മണിക്കൂര്‍

Truevisionnews 1 week ago

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി ചുരത്തില്‍ സ്കൂട്ടറിനുള്ളില്‍ കയറിക്കൂടിയ പെരുമ്പാമ്പ് യാത്രക്കാരനെ നടുറോഡില്‍ കുടുക്കിയത് മൂന്നര മണിക്കൂർ.

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി നൗഫല്‍ മണക്കാട്ടുപൊയിലിന്റെ വാഹനത്തിനുള്ളിലാണ് പാമ്പ് കയറിയത്.

തൊട്ടില്‍പ്പാലത്തുനിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു നൗഫല്‍.

ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോള്‍ പെട്ടെന്നാണ് കാട്ടില്‍നിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച്‌ കടക്കുന്നത് നൗഫലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വെപ്രാളത്തില്‍ ബ്രേക്ക് പിടിച്ചതോടെ വീണ് ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു.

എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി വെച്ചതോടെ പാമ്പ് വാഹനത്തിലുള്ളിലേക്ക് കയറി. ഒച്ചയുണ്ടാക്കി ആളുകളെത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്ക് ഉള്ളിലേക്ക് കയറിയിരുന്നു.

ആളുകള്‍ വിളിച്ചറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി. പക്ഷേ, എത്ര പണിപ്പെട്ടിട്ടും പാമ്പ് പുറത്തിറങ്ങിയില്ല. ഇതോടെ വാഹനത്തിന്റെ ബോഡി പൂർണമായി അഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആളുകളെല്ലാം ചേർന്ന് ബോഡി അഴിച്ച്‌ പാമ്പിനെ പിടിച്ച്‌ കഴിയുമ്പോഴേക്കും അർധരാത്രി ഒരുമണിയോടടുത്തായി.

ഇതിനുശേഷമേ യാത്ര തുടരാനായുള്ളൂ. കുണ്ടുതോട് സ്വദേശിയായ നൗഫല്‍ കുറ്റ്യാടി പാറക്കടവില്‍ ചിക്കൻസ്റ്റാളില്‍ ജോലിചെയ്യുകയാണ്.

Python found inside scooter at Kuttiyadi Pass

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews