Www.truevisionnews.com നഗരത്തിരക്കുകളില്‍ നിന്ന് മാറി, പച്ചപ്പുനിറഞ്ഞ വന്യസൗന്ദര്യവും തണുത്ത കാറ്റും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം.
സൈലന്റ്‌വാലി സംരക്ഷിത വനമേഖലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം വനംവകുപ്പിന്റെ കർശനമായ സംരക്ഷണതിലാണ്. പാറക്കെട്ടുകളിലൂടെ തകർത്ത് ഒഴുകുന്ന വെള്ളച്ചാട്ടവും അതിന് ചുറ്റുമുള്ള വനങ്ങളും ഏതൊരു സഞ്ചാരിയേയും ആകർഷിക്കുന്ന ഒന്നാണ്.
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിലും മലനിരകളുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്കായി ഒട്ടനവധി കാഴ്ചകളാണ് ഒരുക്കിവെച്ചിരിക്കുന്നത്.
പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിഞ്ഞ ജലാശയങ്ങള്‍ ഇവിടെ സുരക്ഷിതമായി കുളിക്കാനും നീന്താനുമുള്ള മികച്ചൊരു പ്രകൃതിദത്ത നീന്തല്‍ക്കുളമായി മാറുന്നു. ഇവിടുത്തെ ശുദ്ധമായ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും ചർമ്മരോഗങ്ങള്‍ക്ക് ശമനമേകുമെന്നും പ്രദേശവാസികള്‍ വിശ്വസിക്കുന്നുണ്ട്.
കേവലം കാഴ്ചകള്‍ക്കപ്പുറം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വനത്തിനുള്ളിലൂടെയുള്ള മനോഹരമായ ട്രെക്കിങ് പാതകളും റോക്ക് ക്ലൈംബിങ് (പാറകയറ്റം) സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന കക്കാടംപൊയിലിന്റെ വശ്യമായ കാഴ്ച്ചകളും പച്ചപ്പും ഒപ്പിയെടുത്ത്, കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും കളകൂജനങ്ങള്‍ക്ക് സാക്ഷിയാകാൻ പറ്റിയ കോഴിപ്പാറ ഏതൊരു യാത്രാപ്രേമിയേയും മനംകുളിർപ്പിക്കുന്ന ഒരിടമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ സുന്ദര ഭൂമിയിലേക്ക് എത്തിച്ചേരാൻ പ്രധാനമായും രണ്ട് വഴികളാണുള്ളത്.കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവർക്ക് മുക്കം, കൂടരഞ്ഞി വഴി കക്കാടംപൊയിലിലേക്ക് പ്രവേശിക്കാം. മലപ്പുറം, നിലമ്പൂർ ഭാഗത്തുനിന്നുള്ളവരാണെങ്കില്‍ അരീക്കോട് വഴി എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ചൂടില്‍ നിന്നും മലയോര പാതകളിലേക്ക് വണ്ടി കയറുമ്പോള്‍ തന്നെ വായുവിലെ തണുപ്പ് പതുക്കെ മാറിത്തുടങ്ങുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാൻ പറ്റും.
ഇരുവശങ്ങളിലും റബ്ബർ തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കോടമഞ്ഞ് പലപ്പോഴും റോഡിലേക്ക് ഇറങ്ങിവന്ന് യാത്രക്കാരെ തണുപ്പണിയിച്ച് സ്വീകരിക്കുന്നു.
കക്കാടംപൊയില്‍ കവലയില്‍ എത്തിയ ശേഷം അവിടെ നിന്നും ഏകദേശം 3 കിലോമീറ്റർ മാത്രം സഞ്ചരിച്ചാല്‍ കാടിന്റെ വന്യതയും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും ഒന്നിക്കുന്ന കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
Content Highlight: Content Highlights:- Kozhippara Waterfalls, overflowing with wild beauty
#Travel#Kozhippara Waterfalls#Nature Wilderness#Kakkadam poyil

