മോസ്‌കോ: (truevisionnews.com)അന്താരാഷ്ട്ര രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും റഷ്യയും തമ്മില്‍ തന്ത്രപ്രധാനമായ സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു.
മോസ്‌കോയില്‍ നടന്ന ഇന്റർനാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ വെച്ച് താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബും റഷ്യൻ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെർജി ഷോയിഗുവുമാണ് ഈ ചരിത്രപ്രധാനമായ ഉടമ്പടിയില്‍ ഒപ്പിട്ടത്.
താലിബാൻ ഭരണകൂടം മറ്റൊരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ആദ്യത്തെ ഔദ്യോഗിക പ്രതിരോധ കരാറാണിത്. ആയുധ കൈമാറ്റം, പ്രതിരോധ ലൈസൻസിങ്, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത വികസന പദ്ധതികള്‍ എന്നിവയുള്‍പ്പെടുന്നതാണ് ഈ ഉടമ്പടി.
അഫ്ഗാൻ മണ്ണില്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നു എന്നാരോപിച്ച് വ്യോമാക്രമണങ്ങളിലൂടെ മേധാവിത്വം പുലർത്തിയിരുന്ന പാകിസ്താന് പുതിയ കരാർ വലിയ തിരിച്ചടിയാകും. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തെങ്കിലും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് പാകിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളില്‍ താലിബാനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിന് പരിഹാരമായി താഴ്ന്നുപറക്കുന്ന വിമാനങ്ങളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ള അത്യാധുനിക 'മാൻപാഡ്‌സ്' (MANPADS) ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ റഷ്യ താലിബാന് കൈമാറും.
ഇതോടെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിർത്തി തർക്കങ്ങളില്‍ കൂടുതല്‍ മേല്‍കൈ നേടാനും താലിബാന് സാധിക്കും. മേഖലയില്‍ റഷ്യയ്ക്കും താലിബാനും പുതിയ ബന്ധം രൂപപ്പെടുന്നത് ഇന്ത്യക്ക് തന്ത്രപരമായ വലിയ നേട്ടങ്ങള്‍ക്ക് വഴിതുറന്നേക്കാം.
അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്റെയും ചൈനയുടെയും സ്വാധീനം ഒരുപോലെ കുറയ്ക്കാനും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഈ മാറ്റം സഹായിക്കും.
മേഖലയിലെ ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയുന്നതിന് താലിബാനുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. ഇതിന്റെ തുടർച്ചയായി താലിബാനെ ഭീകര സംഘടനകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും അവർക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തതിന് ശേഷമാണ് റഷ്യ ഇപ്പോള്‍ നിർണായകമായ ആയുധക്കരാറിലേക്ക് കടന്നിരിക്കുന്നത്.
Content Highlight: Historic Taliban-Russia deal leaves Pakistan in limbo
#Latest News#Thaliban#Russia#Historical agreement

