കൊച്ചി : (truevisionnews.com) ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ കുറയ്ക്കുന്നതിനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിയമം പരിഷ്കരിച്ചു.
ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ടോള്‍ ബൂത്തുകളില്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടതില്ല.
ഏപ്രില്‍ 10 മുതല്‍ നിലവില്‍ വരുന്ന പുതിയ നിർദ്ദേശപ്രകാരം, ഫാസ്റ്റാഗ് ഇല്ലാതെ ടോള്‍ പ്ലാസയിലെത്തുന്നവർ യുപിഐ (UPI) വഴി പണമടച്ചാല്‍ സാധാരണ ടോള്‍ നിരക്കിനൊപ്പം 25 ശതമാനം അധിക തുക മാത്രം നല്‍കിയാല്‍ മതിയാകും. നിലവില്‍ ഫാസ്റ്റാഗ് ഇല്ലാത്തവരില്‍ നിന്നും പണമായി ഇരട്ടി തുക (200 ശതമാനം) ഈടാക്കുന്ന രീതിയാണ് മാറ്റുന്നത്. ഉദാഹരണത്തിന്, 100 രൂപ ടോള്‍ നല്‍കേണ്ട വാഹനത്തിന് ഫാസ്റ്റാഗ് ഇല്ലെങ്കില്‍ യുപിഐ വഴി 125 രൂപ നല്‍കി കടന്നുപോകാം. നേരത്തെ ഇതേ സ്ഥാനത്ത് 200 രൂപയായിരുന്നു നല്‍കേണ്ടി വന്നിരുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ടോള്‍ പ്ലാസകളില്‍ കാഷ് ഇടപാടുകള്‍ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഫാസ്റ്റാഗ് സംവിധാനം ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് മാർഗങ്ങള്‍ ഉപയോഗിക്കാൻ ഇത് പ്രേരണയാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച 2008ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ഏപ്രില്‍ 2ന് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
Even without FASTag, no need to pay double; Center eases toll plazas

