പുനലൂർ : (https://truevisionnews.com/) പുനലൂരില്‍ ഭാര്യമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മരുമകൻ റിമാൻഡില്‍ .
അറസ്റ്റിലായ പുനലൂർ ഹൈസ്കൂള്‍ ജങ്ഷനില്‍ ദർഭവിളയില്‍ ഉസ്മാ (60)നെയാണ് പുനലൂർ കോടതി റിമാൻഡ് ചെയ്തത് . ഇയാളുടെ ഭാര്യമാതാവ് സെയ്തുംബീവി (70)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഇവരുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സെയ്തുംബീവി ഹൃദ്രോഗി ആയിരുന്നെന്നും മർദ്ദനമാകാം മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പുനലൂർ എസ്‌എച്ച്‌ഒ സന്തോഷ്‍കുമാർ പറഞ്ഞു.
ബുധൻ വൈകിട്ട് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉസ്മാനും ഭാര്യ ഹസീനയും പതിവായി വഴക്കിടാറുണ്ട്. ബുധനാഴ്ചയും ഇവർ തമ്മില്‍ വഴക്കുണ്ടായി. ഇതില്‍ ഇടപെട്ട സെയ്തുംബീവിയെ ഉസ്മാൻ കൈകൊണ്ട് തലയ്ക്ക് ഇടിക്കുകയും നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. അവശയായ ഇവരെ അയല്‍വാസികളുടെ സഹായത്തോടെ ഹസീന പുനലൂർ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സെയ്തുംബീവിയുടെ ശരീരത്തില്‍ മർദ്ദനത്തിന്റെ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ സെയ്തുംബീവിയുടെ വീട്ടില്‍ ബഹളം കേട്ടതായി വിവരം ലഭിച്ചു. ഇതോടെ പുനലൂർ എസ്‌എച്ച്‌ഒ ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് വീട്ടിലെത്തി ഉസ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് എത്തുമ്പോള്‍ സെയ്തുംബീവി മരിച്ച വിവരം ഉസ്മാൻ അറിഞ്ഞിരുന്നില്ല. പിന്നാലെ സെയ്തുംബീവിയെ ഉസ്മാൻ മർദ്ദിച്ചതായി ഹസീന പൊലീസിന് മൊഴി നല്‍കി. നേരത്തെ തടിമില്ലുകളില്‍ ജോലി ചെയ്തിട്ടുള്ള ഉസ്മാൻ ഏറെക്കാലമായി ജോലിക്കൊന്നും പോകുന്നില്ല.
പുനലൂർ താലൂക്കാശുപത്രിയിലെ ശുചീകരണത്തൊഴിലാളിയായ ഹസീനയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴം വൈകിട്ട് പുനലൂർ ടിബി ജങ്ഷനിലെ എൻഎംഎഎച്ച് ജമാഅത്ത് ഖബർസ്ഥാനില്‍ ഖബറടക്കി.
Content Highlight: Case of mother-in-law beaten to death in Punalur: Accused remanded.
#Punalur murder#Assault#police investigation#Remand

