തൃശൂർ: (https://truevisionnews.com/) തിരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.
കിറ്റുകള്‍ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഒളരിയിലുള്ള കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്നാണ് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് കിറ്റുകള്‍ പിടികൂടിയത്. ഏകദേശം 900 രൂപ വിലവരുന്ന 26 കിറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകള്‍ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സിപിഎം രംഗത്തെത്തി.
അതേസമയം പണവും മദ്യവും കിറ്റും നല്‍കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി എസ് സുനില്‍ കുമാർ പ്രതികരിച്ചു. ബിജെപി 2024ല്‍ നടത്തിയ കാര്യം വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണ് നടത്തുന്നത്. സൂപ്പർ മാർക്കറ്റ് മുതലാളിമാരെ സ്വാധീനിക്കുന്നു. പെട്ടിയില്‍ പണവുമായാണ് കേന്ദ്ര നേതാക്കള്‍ വരുന്നതെന്നും വിഎസ് സുനില്‍കുമാർ ആരോപിച്ചു. രാധാകൃഷ്ണൻ എന്നയാള്‍ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിറകിലാണ് കിറ്റുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകള്‍ തയ്യാറാക്കിവച്ചതില്‍ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
Police have registered a case, and the election squad has seized 26 kits

