നാരായണ്‍ഗഞ്ച്: (https://truevisionnews.com/) ശരീരപ്രകൃതിയിലെ അപൂർവ്വത കൊണ്ടും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹെയർസ്റ്റൈലിനോടുള്ള സാമ്യം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി തരംഗമായ ബംഗ്ലാദേശിലെ 'ഡൊണാള്‍ഡ് ട്രംപ്' എന്ന വൈറല്‍ പോത്തിനെ ബലി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി.
ഏകദേശം 700 കിലോഗ്രാം ഭാരമുള്ള 'ഡൊണാള്‍ഡ് ട്രംപ്' എന്ന ഈ പോത്തും അതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സുരക്ഷാ കാരണങ്ങളും പൊതുജനങ്ങളുടെ താല്‍പര്യവും മുൻനിർത്തി സർക്കാർ ഈ മൃഗത്തെ വിലയ്ക്കെടുത്തത്. പോത്തിനെ ഈ പെരുന്നാളിന് ബലിനല്‍കും എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാർത്തകള്‍.
ഈ തീരുമാനം മാറ്റിയാണ്, അപൂർവ്വമായ ആല്‍ബിനോ പോത്തിനെ സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. 38-കാരനായ സിയാ ഉദ്ദിൻ മൃദ എന്ന ഉടമ ഈ പോത്തിനെ നേരത്തെ വിറ്റിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥർ അവസാന നിമിഷം ഇടപെടുകയായിരുന്നു.
അവർ ഈ മൃഗത്തെ വാങ്ങി ധാക്കയിലെ ബംഗ്ലാദേശ് ദേശീയ മൃഗശാലയിലേക്ക് മാറ്റി. ബലി നല്‍കുന്നതിന് പകരം അവിടെ ഇതിനെ പൊതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കും. ഇതിനൊപ്പം 'ബെഞ്ചമിൻ നെതന്യാഹു' എന്ന് പേരിട്ട മറ്റൊരു കൂറ്റൻ പോത്തും സമാനമായ രീതിയില്‍ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് പോത്തിനെ രക്ഷിച്ചതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വൈറലായതോടെ നിരവധിയാളുകള്‍ ഈ പോത്തിനെ കാണാനെത്താൻ തുടങ്ങി, ഇത് പലവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാക്കി. ഈ പ്രശ്‌നങ്ങളില്‍നിന്ന് മൃഗത്തെ സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അതിനെ സുരക്ഷിതമായി കാണുന്നതിനും വേണ്ടിയുള്ള ഒരു പോംവഴി എന്ന നിലയിലാണ് പോത്തിനെ ഏറ്റെടുത്തത് എന്ന് മൃഗശാല അധികൃതർ അറിയിച്ചു. പോത്തിനെ ഇപ്പോള്‍ പ്രത്യേക എൻക്ലോസറിലാണ് പാർപ്പിച്ചിരിക്കുന്നത്.
അല്‍ബിനോ പോത്തുകള്‍ സ്വഭാവത്തില്‍ വളരെ ശാന്തരാണെന്നും പ്രകോപിപ്പിക്കാത്തിടത്തോളം അവ അക്രമാസക്തരാകാറില്ലെന്നും ഉടമ മൃദ പറഞ്ഞു. പോത്തിന്റെ തലയിലെ മുടി കണ്ട് തന്റെ അനുജനാണ് തമാശയായി ഇതിനെ ഡൊണാള്‍ഡ് ട്രംപ് എന്ന് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോത്തിനെ നേരിട്ട് കണ്ടവരും ഈ സാമ്യം ശരിവെക്കുന്നു.
Content Highlight: content highlights:- Buffalo, which is a hot topic in Bangladesh, is exempted from sacrifice; the government takes it over

