Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
8th Pay Commission: 18,000 അല്ല, ഇനി 69,000 രൂപ, പക്ഷേ കുറച്ചു കാത്തിരിക്കണം!

8th Pay Commission: 18,000 അല്ല, ഇനി 69,000 രൂപ, പക്ഷേ കുറച്ചു കാത്തിരിക്കണം!

TV9 Malayalam 3 days ago

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ.

ജനുവരിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല. കാത്തിരിപ്പ് നീളും തോറും ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. ഇപ്പോഴിതാ, ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എട്ടാം ശമ്പള കമ്മീഷൻ നടപടികളില്‍ നിർണായകമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയാണ്.

സമയപരിധി നീട്ടി

ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന് മുമ്പില്‍ നിർദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചു. വിവിധ ജീവനക്കാരുടെ സംഘടനകള്‍ക്കും പെൻഷൻ യൂണിയനുകള്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കുന്നതിനായി ജൂണ്‍ പതിനഞ്ച് വരെയാണ് നീട്ടിയത്. ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.

ജൂണ്‍ 15 വരെ ജീവനക്കാർക്കും സംഘടനകള്‍ക്കും തങ്ങളുടെ മെമ്മോറാണ്ടം സമർപ്പിക്കാം. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി ഒരു തരത്തിലും സമയം നീട്ടിനല്‍കില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ സർക്കുലറില്‍ വ്യക്തമാക്കി. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ '8cpc.gov.in' വഴി മാത്രമേ നിർദ്ദേശങ്ങള്‍ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹാർഡ് കോപ്പികളോ ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ശമ്പളം, പെൻഷൻ എത്ര?

എട്ടാം ശമ്പളപരിഷ്കരണത്തില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ വൻ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ നിലവിലെ 2.57-ല്‍ നിന്നും 2.86 അല്ലെങ്കില്‍ 3.00 ആയി ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്. അത് യാഥാർത്ഥ്യമായാല്‍ അടിസ്ഥാന ശമ്പളം 69,000 രൂപ വരെയെങ്കിലും ഉയർന്നേക്കാം. നിലവില്‍ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.

ഇത്തരത്തില്‍ ശമ്പളത്തില്‍ വർധനവ് ഉണ്ടായാല്‍ പെൻഷൻകാരുടെ പ്രതിമാസ വരുമാനത്തിലും ഗണ്യമായ ഉയർച്ച ഉണ്ടാകും. കൂടാതെ മറ്റ് ആനുകൂല്യങ്ങളിലും ഈ മാറ്റം പ്രതിഫലിക്കും. ജീവിതച്ചെലവ് വർധിക്കുന്നതിന് അനുസൃതമായി ക്ഷാമബത്തയും, താമസിക്കുന്ന നഗരങ്ങളുടെ തരംതിരിവ് അനുസരിച്ച്‌ വീട്ടുവാടക അലവൻസും ഇതോടൊപ്പം പുതുക്കി നിശ്ചയിക്കുന്നതാണ്.

എട്ടാം ശമ്പളപരിഷ്കരണം എന്ന്?

എട്ടാം ശമ്പളപരിഷ്കരണം എന്ന് മുതല്‍ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച്‌ 2027 പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. കമ്മീഷൻ രൂപീകരിച്ച്‌ 18 മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍, ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകള്‍ ആരംഭിച്ച്‌ കഴിഞ്ഞു.

ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകള്‍ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്. പുതുക്കിയ ശമ്പള നിരക്കുകള്‍ക്ക് ഈ വർഷം ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നതിനാല്‍, കമ്മീഷൻ നടപടികള്‍ വൈകുന്നതിനനുസരിച്ച്‌ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർധിക്കും. ഇത് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത ഉയരുന്നതിന് കാരണമാകുന്നതാണ്.

English Summary:

8th Pay Commission Updates. Centre has extended the deadline for submitting memorandums and suggestions to the 8th Central Pay Commission from May 31 to June 15, 2026, giving employee unions, pensioners' associations, and other stakeholders more time to present their demands.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam