രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന ചോദ്യം പുതിയ ശമ്പള പരിഷ്കരണം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ്.
എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചെങ്കിലും അടുത്ത മെയില്‍ വരാൻ സാധ്യതയുള്ള ശുപാർശകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ജീവനക്കാർക്കും പെൻഷൻകാർക്കിടയിലും നടന്നുകൊണ്ടിരിക്കുന്നത്. ശമ്പളത്തിലും പെൻഷനിലും വരാനിരിക്കുന്ന വൻ വർധനവിന് പുറമെ, ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകുന്ന കാലയളവിലെ കുടിശ്ശികയായി ജീവനക്കാർക്ക് വലിയൊരു തുക ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുടിശ്ശിക എങ്ങനെ കണക്കാക്കാം?
ശമ്പള കമ്മീഷന്റെ ശുപാർശകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതിയും (Effective Date) സർക്കാറിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്ന തീയതിയും തമ്മിലുള്ള ഇടവേളയ്ക്കാണ് കുടിശ്ശിക നല്‍കുന്നത്. പുതിയ ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന ശമ്പളവും അതിനനുസരിച്ചുള്ള കുടിശ്ശികയും നിശ്ചയിക്കുന്നത്. ഏഴാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എന്നാല്‍ എട്ടാം ശമ്പള കമ്മീഷനില്‍ ഇത് 2.86 അല്ലെങ്കില്‍ 3.68 വരെ ഉയർന്നേക്കുമെന്നാണ് പ്രതീക്ഷ.
ലെവല്‍ തിരിച്ചുള്ള കുടിശ്ശിക തുക
ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ചേക്കാവുന്ന 20 മാസത്തെ കാലതാമസവും 2.00, 2.15, 2.28, 2.57 എന്നീ നാല് സാധ്യമായ ഫിറ്റ്മെന്റ് ഘടകങ്ങളും കണക്കാക്കിയാണ് കുടിശ്ശിക കണക്കാക്കിട്ടുള്ളത്. കുടിശ്ശിക തുക നിർണ്ണയിക്കുന്നത് പുതിയ ശമ്പള വർധനവ് പ്രാബല്യത്തില്‍ വരുന്ന മാസങ്ങളുടെ എണ്ണവും, അന്നത്തെ ഫിറ്റ്മെന്റ് ഫാക്ടറും, ഡിഎയും അടിസ്ഥാനമാക്കിയാണ്. അതിനാല്‍ യഥാർത്ഥ തുകയില്‍ മാറ്റങ്ങള്‍ വരാം.
ഗുഡ് റിട്ടേണ്‍സ് റിപ്പോർട്ട് അനുസരിച്ച് പേ മാട്രിക്സ് ലെവല്‍ 4 ലെ, നിലവില്‍ അടിസ്ഥാന ശമ്പളം 25,500 രൂപയാണ്. 2.00 ഫിറ്റ്മെന്റ് ഫാക്ടറില്‍ 20 മാസത്തേക്ക് ഏകദേശം 5.10 ലക്ഷം രൂപ കുടിശ്ശിക ലഭിച്ചേക്കും. 2.57 ഫിറ്റ്മെന്റ് ഘടകം പ്രയോഗിച്ചാല്‍ തുക ഏകദേശം 8.01 ലക്ഷം രൂപയായി ഉയരും.
അതുപോലെ, 29,100 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലെവല്‍ 5 ജീവനക്കാരന്, 2.00 ഫാക്ടറില്‍ 5.82 ലക്ഷം രൂപ മുതല്‍ 2.57 ഫാക്ടറില്‍ 9.14 ലക്ഷം രൂപ വരെ കുടിശ്ശിക കണക്കാക്കാം. ലെവല്‍ 6 ല്‍, 35,400 രൂപ അടിസ്ഥാന ശമ്പളത്തില്‍, 2.00 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ഏകദേശം 7.08 ലക്ഷം രൂപ കുടിശ്ശിക കണക്കാക്കും. 2.57 ഘടകം അനുസരിച്ച്, തുക ഏകദേശം 11.12 ലക്ഷം രൂപയായി ഉയരും.
44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവല്‍ 7 ജീവനക്കാർക്ക്, 2.00 ഫിറ്റ്മെന്റ് ഫാക്ടറില്‍ ഏകദേശം 8.98 ലക്ഷം രൂപ കുടിശ്ശിക ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം, തുക ഏകദേശം 14.10 ലക്ഷം രൂപയായി ഉയരും.
മറ്റ് ആനുകൂല്യങ്ങള്‍ എങ്ങനെ?
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആകെ പ്രതിമാസ ശമ്പളത്തെ ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചല്ല പുതിയ ശമ്പളം നിശ്ചയിക്കുന്നത് എന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശമ്പള പരിഷ്കരണത്തിലെ കണക്കുകൂട്ടലുകള്‍ പ്രധാനമായും അടിസ്ഥാന ശമ്പളത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വെവ്വേറെ ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിശ്ചയിക്കുന്നത്.
നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ സർക്കാർ നിശ്ചയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം നിർണ്ണയിക്കുന്നത്. നാണയപ്പെരുപ്പം അടിസ്ഥാനമാക്കി നിശ്ചിത ഇടവേളകളില്‍ ഡിഎ പരിഷ്കരിക്കാറുണ്ട്. അതിനാല്‍ ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്ന മുഴുവൻ കാലയളവിലേക്കും അടിസ്ഥാന ശമ്പളത്തിന്റെ കുടിശ്ശിക ലഭിക്കുന്നത് പോലെ ഡിഎ കുടിശ്ശിക കണക്കാക്കില്ല. എച്ച്ആർഎ അടിസ്ഥാന ശമ്പളത്തെയും ജീവനക്കാരൻ ജോലി ചെയ്യുന്ന നഗരത്തിന്റെ തരംതിരിവിനെയും (X, Y, Z കാറ്റഗറികള്‍) ആശ്രയിച്ചാണ് നല്‍കുന്നത്. ട്രാൻസ്പോർട്ട് അലവൻസും പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായാണ് പുതുക്കുന്നത്.
English Summary:
8th Pay Commission could result in substantial arrears for central government employees if the revised salary is implemented retrospectively. The arrears would depend mainly on the employee's current basic pay, the final fitment factor and the delay between the effective date and actual implementation.

