Dailyhunt
Air India Flight Service: വൻ തിരിച്ചടി! രാജ്യാന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ; ജൂലൈ വരെ യാത്ര ദുരിതമാകും

Air India Flight Service: വൻ തിരിച്ചടി! രാജ്യാന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ; ജൂലൈ വരെ യാത്ര ദുരിതമാകും

TV9 Malayalam 2 weeks ago

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും കണക്കിലെടുത്ത്, രാജ്യാന്തര സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ (Air India Flight Service).

വരുന്ന ജൂലൈ മാസം വരെ സർവീസുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെല്‍ വിത്സണ്‍ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാന സർവീസുകളാണ് ജൂലൈ വരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർക്ക് നല്‍കിയ സന്ദേശത്തില്‍ വിത്സണ്‍ പറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ ദീർഘദൂര പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും കമ്പനിക്ക് പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു.

അതേസമയം, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതിനകം തന്നെ ചില സർവീസുകള്‍ റദ്ദാക്കിയിരുന്നു. എന്നിട്ടും സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂണ്‍, ജൂലൈ മാസങ്ങളിലെ സർവീസുകളില്‍ മാറ്റം വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ തീരുമാനം, വേനലവധിക്ക് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും പ്ലാൻ ചെയ്തിരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. സർവീസുകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ഹോർമുസ് കടലിടുക്ക് പഴയപ്പോലെ തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കുറയുകയും ചെയ്താല്‍ മാത്രമേ സർവീസുകള്‍ പഴയപടിയാക്കാൻ സാധിക്കൂ. 2026 മാർച്ച്‌ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തില്‍ എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നിലിവിലെ റദ്ദാക്കല്‍ എയർ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെയാണ് ആഗോളതലത്തില്‍ ഇന്ധനവില വർദ്ധിപ്പിക്കാൻ കാരണമായത്. ഇത് എയർ ഇന്ത്യയെപ്പോലെയുള്ള വലിയ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ കാര്യമായി ബാധിക്കുകയും സർവീസുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.

വിമാന ഇന്ധനവില വർദ്ധനവ്

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇന്ത്യയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാന സർവീസുകള്‍ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്‌ഐഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച്‌ കത്തയയ്ക്കുകയും ചെയ്തിരുന്നു.

ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 40 ശതമാനത്തോളം വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ ഇന്ധനവിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധന സർവീസുകള്‍ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന സ്ഥിതിയാണെന്നാണ് വിമാനകമ്പനികള്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെങ്കില്‍ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനികളുടെ ആവശ്യം.

നിലവില്‍ അന്താരാഷ്ട്ര സർവീസുകള്‍ക്കുള്ള ഇന്ധനവില ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ആഭ്യന്തര സർവീസുകള്‍ക്ക് ഇത് 15 രൂപയാണ്. ഇന്ധനവിലയിലെ ഈ വലിയ വ്യത്യാസത്തോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടി ചേർന്നപ്പോള്‍ വിമാനക്കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇന്ധനത്തിന് മേല്‍ 11 ശതമാനം എക്സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്തിയിരുന്നു. ഇത് താല്ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു.

English Summary:

Ongoing conflicts in the Middle East have led to financial and operational crisis in flight services. Now Air India has announced a significant reduction in its international flight schedule until July 2026.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam