കേരളത്തിനൊപ്പം അസമും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. മേയ് നാലിനാണ് വോട്ടെണ്ണല്‍.
എൻഡിഎ തുടർഭരണവും കോണ്‍ഗ്രസ് തിരിച്ചുവരവും ആഗ്രഹിക്കുന്ന അസമില്‍ രണ്ടരക്കോടി വോട്ടർമാരാണ് ഉള്ളത്. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. 35 ജില്ലകളിലായി 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 1.25 കോടി സ്ത്രീകളാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് മേധാവി ബഹ്റുദ്ദീൻ അജ്മല്‍ തുടങ്ങിയവരാണ് പ്രധാന നേതാക്കള്‍. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതുച്ചേരിയില്‍ മാഹി ഉള്‍പ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓള്‍ ഇന്ത്യ എൻആർ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെട്ട എൻഡിഎയും കോണ്‍ഗ്രസുമാണ് മത്സരരംഗത്തുള്ളത്. നിലവില്‍ എൻഡിഎ ഭരണമാണ് പുതുച്ചേരിയില്‍. 294 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒമ്പത് ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കർണാടക, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ശക്തമായ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. നാഗാലാൻഡിലെ കൊറിഡാങ് സീറ്റിലേയ്‌ക്ക് ആറ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ത്രിപുരയില്‍ എൻഡിഎ, കോണ്‍ഗ്രസ്, സിപിഐ(എം) ത്രികോണ്‍ മത്സരമാണ് നടക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഗോവയില്‍ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.

