ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളില്‍ വിജയം നേടാനുള്ള വഴികള്‍ അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ വിജയവും സമ്പത്തും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ കഠിനാധ്വാനം ചെയ്തത് കൊണ്ട് മാത്രം എല്ലാവർക്കും വിജയം നേടാൻ കഴിയണമെന്നില്ല. ജീവിതത്തില്‍ വിജയവും ബഹുമാനവും തനിയെ നിങ്ങളെ തേടിയെത്താൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഒരു മന്ത്രം പോലെ ഓർമിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം....
സമയത്തിന്റെ മൂല്യം
ജീവിതത്തില്‍ എപ്പോഴും സമയത്തിന്റെ മൂല്യം മനസിലാക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നു. ചെയ്യുന്ന ജോലി ചെറുതാണോ വലുതാണോ എന്നതല്ല, അത് എത്രത്തോളം കൃത്യതയോടെ ചെയ്യുന്നു എന്നതിലാണ് കാര്യം. സമയം ഒരിക്കലും വെറുതെ കളയരുത്. ഓരോ മിനിറ്റും ലക്ഷ്യത്തിലേക്കെത്താൻ കൃത്യമായി പ്ലാൻ ചെയ്യുക. സമയത്തെ ബഹുമാനിക്കുന്നവരെ മാത്രമേ വിജയം തേടിയെത്തുകയുള്ളൂ.
ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിക്കുക
എല്ലാവരോടും അനാവശ്യമായി സംസാരിക്കുന്നത് സമൂഹത്തില്‍ നിങ്ങളുടെ വില കുറച്ചേക്കാം. നിങ്ങളുടെ സാന്നിധ്യവും വാക്കുകളും ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം സംസാരിക്കുക. മിതഭാഷണം വ്യക്തിത്വത്തിന് കൂടുതല്‍ ഗൗരവവും സമൂഹത്തില്‍ വലിയ ബഹുമാനവും നല്‍കും.
ദേഷ്യം നിയന്ത്രിക്കുക, മോശം കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുക
അമിതമായ ദേഷ്യം മനുഷ്യന്റെ വിവേചനബുദ്ധി നശിപ്പിക്കും. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടണമെങ്കില്‍ ദേഷ്യത്തെ നിയന്ത്രിക്കാൻ പഠിക്കണം. അതുപോലെ തന്നെ, മോശം സുഹൃത്തുക്കളില്‍ നിന്നും കൂട്ടുകെട്ടുകളില്‍ നിന്നും എപ്പോഴും അകലം പാലിക്കുക. വിജയത്തിലേക്കുള്ള വഴിയിലെ ഏറ്റവും വലിയ തടസ്സങ്ങളാണ് ഇവ രണ്ടും.
ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുക
പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ദിവസവും പുതിയ അറിവുകള്‍ നേടുന്നത് ഒരു ശീലമാക്കുക. മാറുന്ന ലോകത്തിനനുസരിച്ച് അറിവ് പുതുക്കുന്നവർക്ക് മാത്രമേ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ സാധിക്കൂ.
സമ്പാദ്യശീലം വളർത്തുക
എത്ര വലിയ സമ്പന്നനാണെങ്കിലും വരുമാനത്തില്‍ നിന്ന് ഒരു പങ്ക് ഭാവിയിലെ കഷ്ടപ്പാടുകള്‍ക്കായി മാറ്റിവെക്കണം. കാരണം പ്രതിസന്ധികള്‍ എപ്പോഴാണ് വരികയെന്ന് പ്രവചിക്കാൻ കഴിയില്ല. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി എപ്പോഴും ചഞ്ചലയാണ് (ഒരിടത്തുതന്നെ നില്‍ക്കില്ല). അതുകൊണ്ട് സമ്പത്ത് കൈവശമുള്ളപ്പോള്‍ തന്നെ അത് വിവേകത്തോടെ കൈകാര്യം ചെയ്യുകയും ചിന്തിച്ച് മാത്രം കാര്യങ്ങള്‍ക്കായി ചിലവഴിക്കുകയും ചെയ്യുക.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല
English Summary:
Chanakya Niti, Says that success comes through discipline, continuous learning, and self-control rather than luck. According to Chanakya, people should develop the habit of learning new things every day, stay focused on their goals, control their emotions, communicate effectively, and learn from the experiences and mistakes of others.

