Dailyhunt
Chennai Metro: ട്രെയിനുകള്‍ 10 മിനിറ്റ് ഇടവിട്ട്, ഗതാഗതക്കുരുക്കില്‍ വലയേണ്ട; മെട്രോ രണ്ടാം ഘട്ടം ഉടൻ

Chennai Metro: ട്രെയിനുകള്‍ 10 മിനിറ്റ് ഇടവിട്ട്, ഗതാഗതക്കുരുക്കില്‍ വലയേണ്ട; മെട്രോ രണ്ടാം ഘട്ടം ഉടൻ

TV9 Malayalam 1 week ago

ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. നിലവില്‍ ഗ്രീൻ, ബ്ലൂ പാതകളിലൂടെയാണ് മെട്രോ സർവീസ് ഉള്ളത്.

രണ്ടാം ഘട്ടത്തിന്റെ പണികള്‍ അവസാനിക്കുന്നതോടെ മൂന്ന് പാതകള്‍ കൂടി പൊതുജനങ്ങള്‍ക്ക് തുറന്ന് ലഭിക്കുന്നതാണ്. ഇപ്പോഴിതാ, ചെന്നൈ നിവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

വിജയിയുടെ നേതൃത്വത്തിലുള്ള തമിഴഗ വെട്രി കഴകം സർക്കാർ അധികാരത്തില്‍ എത്തിയാല്‍ ഉടൻ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില്‍ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഉള്‍പ്പെടുമെന്നാണ് വിവരം. നിലവില്‍ വിജയ് സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇത് വിജയിച്ചാല്‍, വരും ആഴ്ചകളില്‍ തന്നെ ആദ്യ ഭാഗത്തിന്റെ ഉദ്ഘാടനം നടക്കാൻ സാധ്യതയുണ്ട്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

മൊത്തം 118.9 കിലോമീറ്റർ ദൂരമാണ് രണ്ടാം ഘട്ടത്തില്‍ ഉള്ളത്. ഇതില്‍ പൂനമല്ലിയില്‍ നിന്ന് പോരൂർ വഴി ആർക്കോട്ട് റോഡിലൂടെ വടപളനി വരെയുള്ള 14.6 കിലോമീറ്റർ ഭാഗമാണ് ഉടൻ ഉദ്ഘാടനത്തിന് തയ്യാറാവുന്നത്.പൂനമല്ലി - പോരൂർ സെക്ഷന് ആവശ്യമായ എല്ലാ സുരക്ഷാ അനുമതികളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതേസമയം, പോരൂർ - വടപളനി സെക്ഷനിലെ നിർമ്മാണ ജോലികളും പൂർത്തിയായിട്ടുണ്ട്.

കമ്മീഷണർ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി നിർദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും വീണ്ടും സമർപ്പിച്ചതായും ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് ഉദ്യാഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളില്‍ സി.എം.ആർ.എസ് ഉദ്യോഗസ്ഥർ പോരൂർ - വടപളനി സെക്ഷൻ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ശരിയാണെങ്കില്‍ പരിശോധനയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ ഈ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് നേട്ടം

രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പാത പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നതിലൂടെ വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നത്. പാത തുറക്കുന്നതോടെ ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ ആശ്വാസമാകും. പ്രത്യേകിച്ച്‌ ആർക്കോട്ട് റോഡ് വഴിയുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പമാകും.

അതേസമയം, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് ചില മാറ്റങ്ങള്‍ നിർദ്ദേശിച്ചിട്ടുണ്ട്. പോരൂർ - വടപളനി റൂട്ടിലെ ട്രെയിനുകളുടെ വേഗത ഉയർത്തിയേക്കും. മണിക്കൂറില്‍ 25 കിലോമീറ്ററില്‍ നിന്ന് 40 കിലോമീറ്ററായി ഉയർത്താനാണ് ആവശ്യം. തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 15 മിനിറ്റില്‍ നിന്ന് 10 മിനിറ്റായി കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു.

ട്രാവല്‍ കാർഡുകള്‍ക്ക് പകരം സിംഗാര ചെന്നൈ കാർഡ്

മെയ് 1 മുതല്‍ ട്രാവല്‍ കാർഡുകളുടെ ഉപയോഗം ചെന്നൈ മെട്രോ പൂർണമായി അവസാനിപ്പിച്ചു. യാത്രക്കാർ പകരം, സിംഗാര ചെന്നൈ കാർഡ് ഉപയോഗിക്കണമെന്നും നിർദേശം നല്‍കി. ചെന്നൈ മെട്രോ ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ കാർഡാണിത്. നിരവധി സേവനങ്ങളാണ് കാർഡിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും ഇവ വാങ്ങാവുന്നതാണ്.

യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാനും സിംഗാര ചെന്നൈ കാർഡ് ഉപയോഗിക്കാം. മെട്രോകളിലുപരി ടോള്‍ പ്ലാസകള്‍, പാർക്കിംഗ് ചാർജുകള്‍, തിരഞ്ഞെടുത്ത റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലും ഈ കാർഡ് ഉപയോഗിക്കാം.

English Summary:

Chennai Metreo Phase II project covers a total distance of 118.9 km. Poonamallee to Vadapalani via Porur along Arcot Road is almost ready for launch. CMRL requested some changes to improve services, like increase train speed on the Porur-Vadapalani stretch from 25 km/h to 40 km/h. They also asked to reduce waiting time between trains from 15 minutes to 10 minutes.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam