നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. പ്രോബയോട്ടിക്സുകളാല്‍ സമ്പന്നമായ തൈര് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
എന്നാല്‍ മഴക്കാലത്ത് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷകരമാണോ എന്ന കാര്യത്തില്‍ പലരിലും സംശയമുണ്ട് .ആയുർവേദത്തിലും ആധുനിക മഴക്കാലത്തെ തൈര് ഉപയോഗത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിഞ്ഞാലോ...
മഴക്കാലത്ത് തൈര് ഉപയോഗം കുറയ്ക്കണോ?
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പവും തണുപ്പും കാരണം നമ്മുടെ ശരീരത്തിലെ ദഹനശക്തി പൊതുവെ മന്ദഗതിയിലായിരിക്കും. കട്ടിയുള്ളതും തണുത്തതുമായ തൈര് ഈ സമയത്ത് കഴിക്കുന്നത് ദഹനക്കേട്, വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. ആയുർവേദ പ്രകാരം തൈര് 'അഭിഷ്യന്ദി' (Abhishyandi) വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണമാണ്. ഇത് ശരീരത്തിലെ നാഡീവ്യൂഹങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാക്കാനും കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന എന്നിവ കൂട്ടാനും സാധ്യതയുണ്ട്.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം ബാക്ടീരിയകളും ഫംഗസുകളും പെട്ടെന്ന് പെരുകുന്നു. കൃത്യമായി സൂക്ഷിക്കാത്ത തൈര് പെട്ടെന്ന് പുളിച്ചുപോകാനും വയറിളക്കം, ഫുഡ് പോയിസണിംഗ് എന്നിവയ്ക്ക് കാരണമാകാനും സാധ്യത കൂടുതലാണ്.
മഴക്കാലത്ത് തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
- രാത്രിയില്‍ തൈര് കഴിക്കുന്നത് കഫക്കെട്ടിനും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഉച്ചഭക്ഷണത്തോടൊപ്പം മാത്രം തൈര് ഉപയോഗിക്കുക.
- ഫ്രിഡ്ജില്‍ നിന്ന് നേരിട്ട് എടുത്ത് തൈര് കഴിക്കരുത്. മുറിയിലെ സാധാരണ താപനിലയില്‍ എത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
- തൈരായി കഴിക്കുന്നതിനേക്കാള്‍ നല്ലത് അല്പം വെള്ളം ചേർത്ത് അടിച്ച് മോരായോ മഞ്ഞളും ഇഞ്ചിയും ചേർത്ത് കാച്ചിയ മോരായോ കഴിക്കുന്നതാണ്.
- കൂടുതല്‍ ദിവസം പഴക്കമുള്ളതോ അമിതമായി പുളിച്ചതോ ആയ തൈര് മഴക്കാലത്ത് കഴിക്കരുത്.
- തൈരിന്റെ തണുപ്പ് കുറയ്ക്കാൻ അല്പം കുരുമുളകുപൊടി, ജീരകപ്പൊടി, അല്ലെങ്കില്‍ ഇഞ്ചി എന്നിവ ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
തൈരിന്റെ ആരോഗ്യഗുണങ്ങള്‍
തൈരില്‍ അടങ്ങിയിരിക്കുന്ന ജീവനുള്ള ബാക്ടീരിയകള്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് ദഹനം എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി, വയറുവീർപ്പ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പാല്‍ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും തൈര് എളുപ്പത്തില്‍ ദഹിക്കും.
തൈരിലെ പ്രോബയോട്ടിക്സുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയും അണുബാധകളെ തടയുകയും ചെയ്യുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിച്ച് രോഗകാരികളായ ബാക്ടീരിയകളെ ചെറുക്കുന്നു.
കാല്‍സ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ തൈര് ദിവസവും കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും സാന്ദ്രത വർദ്ധിപ്പിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാൻ ഇത് സഹായിക്കും.
തൈരില്‍ ഉയർന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ കലോറിയുമാണുള്ളത്. ഇത് വയർ നിറഞ്ഞ അനുഭവം നല്‍കുകയും അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കോർട്ടിസോള്‍ ഹോർമോണിന്റെ അളവ് നിയന്ത്രിച്ച് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ തൈര് നല്ലതാണ്.
തൈരിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
English Summary:
Curd is generally safe to eat during the monsoon and does not need to be avoided completely. As a natural probiotic, it supports gut health, improves digestion, strengthens immunity, and provides essential nutrients such as calcium and protein.

