മാന്നാർ: ഈസ്റ്റർ ആഘോഷങ്ങളുടെ പ്രധാന വിഭവമായ താറാവ് കറി ഇക്കുറി മലയാളിക്ക് ചെലവേറിയതാകും. പക്ഷിപ്പനിയെത്തുടർന്നുണ്ടായ നിരോധനവും പാടശേഖരങ്ങളിലെ കൊയ്ത്ത് വൈകിയതും കുട്ടനാടൻ താറാവ് വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് താറാവുകളുടെ ലഭ്യതയില്‍ വൻ കുറവുണ്ടായതോടെ വിലയും കുതിച്ചുയരുകയാണ്.
പക്ഷിപ്പനി പടർന്നതിനെത്തുടർന്ന് പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയതും ഹാച്ചറികളില്‍ കുഞ്ഞുങ്ങളുടെ ഉല്‍പാദനം നിർത്തിവെച്ചതും വിപണിയെ ബാധിച്ചു. പാടശേഖരങ്ങളില്‍ വിളവെടുപ്പ് വൈകിയത് താറാവുകളെ വളർത്തുന്നതില്‍ കർഷകർക്ക് തിരിച്ചടിയായി. വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളെ കൈത്തീറ്റി നല്‍കി വളർത്തിയ ശേഷം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലിറക്കിയാണ് സാധാരണ വളർച്ച എത്തിക്കാറുള്ളത്.
കുട്ടനാട്ടില്‍ മാത്രം ഇത്തവണ 1.5 ലക്ഷത്തിലധികം താറാവുകളുടെ കുറവുണ്ടാകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടല്‍. ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ താറാവ് വില കുത്തനെ കൂടിയിട്ടുണ്ട്. കർഷകർക്ക് ലഭിക്കുന്നത് ഒരു താറാവിന് 270 മുതല്‍ 280 രൂപ വരെയാണ്. ഡ്രസ്സ് ചെയ്ത് ഉപഭോക്താക്കളിലെത്തുമ്പോള്‍ ഒരു താറാവിന് 420 രൂപ വരെ ഈടാക്കുന്നുണ്ട്. വില്‍പന നടക്കുന്നത് വരെ താറാവുകള്‍ക്ക് കൈത്തീറ്റി നല്‍കേണ്ടി വരുന്നതാണ് വില കൂടാൻ കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിലവില്‍ പതിനായിരക്കണക്കിന് താറാവുകളെ തീറ്റയ്ക്കായി ഇറക്കിയിട്ടുണ്ടെങ്കിലും അവയ്ക്ക് ആവശ്യമായ വളർച്ച എത്താത്തതിനാല്‍ ഈസ്റ്റർ വിപണിയിലേക്ക് എത്തിക്കാൻ കഴിയില്ല. ചാര, ചെമ്പല്ലി ഇനത്തില്‍പ്പെട്ട കുട്ടനാടൻ താറാവുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയെങ്കിലും ഇത്തവണ ഇവയുടെ ലഭ്യത പരിമിതമാണ്.

