ആരോഗ്യത്തിന് ഏറെ ഗുണകരമായതും, രുചിയുള്ളതുമായ ഫലമാണ് മുന്തിരി. എന്നാല്‍ നാം കടകളില്‍ നിന്ന് വാങ്ങുന്ന മുന്തിരിയെല്ലാം നല്ലതാണോ?
മുന്തിരി വിപണിയില്‍ എത്തുമ്പോള്‍ അവയില്‍ ധാരാളമായി കീടനാശിനികളും മെഴുകും പുരണ്ടിരിക്കാൻ സാധ്യതയുണ്ട്. ചിലപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടമായി പുറമേ വെള്ളപ്പാടുകളും കാണാൻ സാധിക്കും. കടയില്‍ നിന്ന് വാങ്ങുന്ന മുന്തിരി കഴുകിയ ശേഷമായിരിക്കും നിങ്ങള്‍ ഉപയോഗിക്കുന്നത്, അല്ലേ? എന്നാല്‍ വെറും വെള്ളത്തില്‍ കഴുകിയത് കൊണ്ട് മാത്രം മുന്തിരിയിലെ വിഷാംശങ്ങള്‍ മാറിക്കിട്ടണമെന്നില്ല. മുന്തിരിയിലെ കീടനാശികളുടെയും മെഴുകിന്റെയും സാനിധ്യം പൂർണമായും കളഞ്ഞ്, കുട്ടികള്‍ക്കും മുതിർന്നവർക്കും കഴിക്കാൻ പാകത്തിന് എങ്ങനെ വൃത്തിയാക്കി എടുക്കാമെന്ന് നോക്കിയാലോ....
മുന്തിരി വൃത്തിയാക്കാനുള്ള വഴികള്‍
ബേക്കിംഗ് സോഡ, ഉപ്പ്
ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് മുന്തിരി വൃത്തിയാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. കീടനാശിനികളെ ലയിപ്പിച്ച് കളയാൻ ബേക്കിംഗ് സോഡയ്ക്ക് കഴിവുണ്ട്. ഇതിനായി, ഒരു വലിയ പാത്രത്തില്‍ തണുത്ത വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു ടീസ്പൂണ്‍ ഉപ്പും ചേർക്കുക. മുന്തിരി തണ്ടില്‍ നിന്ന് അടർത്തി മാറ്റി ഈ വെള്ളത്തിലേക്ക് ഇടുക. പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ വെള്ളത്തില്‍ ഇട്ടുവയ്ക്കാവുന്നതാണ്. ശേഷം, കൈ കൊണ്ട് തിരുമ്മി നന്നായി കഴുകാം. തുടർന്ന് പച്ച വെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. രണ്ടോ മൂന്നോ തവണ കഴുകാവുന്നതാണ്.
വിനാഗിരിയും ഗുണം ചെയ്യും
മുന്തിരിയിലെ കീടനാശിനികളെയും മറ്റ് രോഗാണുക്കളെയും ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും, വെള്ളവും വിനാഗിരിയും 3:1 എന്ന അനുപാതത്തില്‍ എടുക്കുക. ( മൂന്ന് കപ്പ് വെള്ളത്തിന് ഒരു കപ്പ് വിനാഗിരി). ഈ മിശ്രിതത്തിലേക്ക് ഒരു പത്ത് മിനിറ്റ് മുന്തിരി ഇട്ട് വയ്ക്കാവുന്നതാണ്. ശേഷം വിനാഗിരിയുടെ മണവും പുളിയും മാറാനായി പച്ച വെള്ളത്തില്‍ ഒന്നുകൂടി കഴുകിയെടുക്കുക.
മുന്തിരി വൃത്തിയാക്കാൻ ഗോതമ്പ് പൊടി
മുന്തിരി വൃത്തിയാക്കാൻ ഗോതമ്പ് പൊടിയും സഹായിക്കുമെന്ന് അറിയാമോ? മുന്തിരിയുടെ പുറമെയുള്ള മെഴുക്, പശയൊക്കെ കളയാൻ ഇത് സഹായിക്കും. മുന്തിരിയിലേക്ക് അല്പം വെള്ളം തളിച്ച ശേഷം കുറച്ച് ഗോതമ്പ് പൊടി വിതറുക. കൈകള്‍ കൊണ്ട് മുന്തിരിപ്പഴങ്ങള്‍ പരസ്പരം ഉരസുക. പൊടി മുന്തിരിയിലെ അഴുക്കുകളെ ഒപ്പം കൂട്ടും. ശേഷം പച്ച വെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം.
ഇതൊന്നും മറക്കരുത്...
മുന്തിരി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുന്തിരി വാങ്ങി കൊണ്ട് വന്ന ഉടൻ കഴുകി ഫ്രിഡ്ജില്‍ വയ്ക്കരുത്. ഈർപ്പം തങ്ങി നിന്ന് മുന്തിരി വേഗത്തില്‍ ചീഞ്ഞുപോകാൻ കാരണമാകും. അതിനാല്‍, കഴിക്കുന്നതിന് മുമ്പ് കഴുകിയെടുക്കാം.
ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ മുന്തിരി തണ്ടില്‍ നിന്ന് വേർപ്പെടുത്തരുത്. അതുപോലെ കഴുകിയ ശേഷം വൃത്തിയുള്ള ഒരു കോട്ടണ്‍ തുണിയിലോ പേപ്പർ ടവലിലോ നിരത്തിയിട്ട് ഈർപ്പം പൂർണമായും മാറിയ ശേഷം മാത്രം കഴിക്കുക.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Grapes should be thoroughly cleaned before eating, as their thin skin can retain pesticides, dirt, bacteria, and waxy coating. Health experts recommend soaking the grapes in a solution of baking soda, salt water, or vinegar mixed with water for a few minutes, then gently rubbing and rinsing under running water.

