കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായ തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിഡിയോ വിവാദത്തില്‍ ഒടുവില്‍ മറുപടിയുമായി നടി അഹാന കൃഷ്ണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ.
തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വിഡിയോയെന്നും കഴിഞ്ഞ ഒരു മാസമായി വലിയ കുറ്റബോധത്തോടെയാണ് ജീവിക്കുന്നതെന്നും ഹൻസിക ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങള്‍ പൂർണ്ണമായും തള്ളിക്കൊണ്ടാണ് താരം മനസ്സ് തുറന്നത്.
അഞ്ച് മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്തു; പക്ഷെ...
മൂന്ന് ആഴ്ചകള്‍ക്ക് മുൻപ് ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ ഹൻസിക പങ്കുവെച്ച ഒരു ബോള്‍ഡ് വിഡിയോയാണ് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചത്. വിഡിയോ പങ്കുവെച്ചതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ. "വേണ്ടത്ര ആലോചനയില്ലാതെ ഒരു നിമിഷത്തെ എടുത്തുചാട്ടത്തില്‍ എടുത്ത തീരുമാനമായിരുന്നു ആ പോസ്റ്റ്. ചെയ്ത ഉടനെ തന്നെ എനിക്ക് ഖേദം തോന്നി. പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിലർ അത് സ്‌ക്രീൻ റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു." തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ തീരുമാനത്തിന് ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഹൻസിക കൂട്ടിച്ചേർത്തു.
സബ്‌സ്‌ക്രിപ്ഷൻ ചാർജ് കൂട്ടിയതിന് പിന്നില്‍
വിഡിയോ വൈറലായതിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ കൂട്ടാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാണെന്ന ആരോപണവും 299 രൂപയായിരുന്ന സബ്‌സ്‌ക്രിപ്ഷൻ ചാർജ് 399 രൂപയായി വർദ്ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഹൻസിക കൃത്യമായ മറുപടി നല്‍കി.
കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ നിർത്താനാണ് ആദ്യം ആലോചിച്ചതെന്നും എന്നാല്‍ അത് കൂടുതല്‍ നെഗറ്റിവിറ്റിക്ക് കാരണമാകുമെന്നതിനാല്‍ പുതിയ ആളുകള്‍ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് നിരക്ക് വർദ്ധിപ്പിച്ചത് എന്നും താരം വ്യക്തമാക്കി. കൂടാതെ, ഈ സബ്‌സ്‌ക്രിപ്ഷൻ വർദ്ധനവിലൂടെ പെട്ടെന്ന് ലഭിച്ച മുഴുവൻ തുകയും സാമൂഹ്യ സേവനത്തിനായി സംഭാവന ചെയ്തതായും അതില്‍ നിന്ന് ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹൻസിക വെളിപ്പെടുത്തി.
കുടുംബത്തെ ലക്ഷ്യമിട്ടുള്ള സൈബർ ബുള്ളിയിങ് വേദനിപ്പിച്ചു
തന്റെ പ്രവർത്തിയുടെ പേരില്‍ കുടുംബത്തിന് നേരെ നടന്ന കടുത്ത സൈബർ ആക്രമണങ്ങളില്‍ ഹൻസിക അതൃപ്തി രേഖപ്പെടുത്തി. ഈ സാഹചര്യത്തെ അവസരമാക്കി മാറ്റി ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി മാത്രം പലരും വേദനിപ്പിക്കുന്ന ഭാഷയില്‍ വിഡിയോകള്‍ നിർമ്മിച്ചതായും വെറുപ്പ് പ്രചരിപ്പിച്ചതായും താരം പറഞ്ഞു. 20-ാം വയസ്സില്‍ സ്വന്തമായി വരുമാനം കണ്ടെത്താൻ തനിക്ക് സാധിക്കുന്നുണ്ടെന്നും വർഷങ്ങളായി പ്രേക്ഷകർ നല്‍കുന്ന സ്നേഹം ഉള്ളതിനാല്‍ പബ്ലിസിറ്റി കൊതിക്കുന്ന കുടുംബമല്ല തങ്ങളുടേതെന്നും ഹൻസിക ഓർമ്മിപ്പിച്ചു.
തന്റെ മ്യൂസിക് വിഡിയോ റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപ് സഹോദരിയുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന തരത്തില്‍ താൻ ഇത് മനപ്പൂർവ്വം ചെയ്യില്ലെന്നും താരം വ്യക്തമാക്കി. ഈ അനുഭവം തന്നെ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ വിവേകമുള്ള വ്യക്തിയായി മാറാൻ സഹായിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് ഹൻസിക കുറിപ്പ് അവസാനിപ്പിച്ചത്.
English summary
Social media influencer Hansika Krishna has expressed deep regret over a controversial video she shared via her Instagram subscription, calling it a moment of misjudgment that she deleted within five minutes. Clarifying that the act was not driven by money or publicity, she explained that the subsequent hike in subscription fees was actually intended to discourage new followers, and announced that all additional proceeds have been donated to charity.

